സംസ്ഥാനത്ത് പുതുതായി പത്തു ജയിലുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ അറിയിപ്പ് എന്താണ് വ്യക്തമാക്കുന്നത്? കേരളസമൂഹത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും നമ്മുടെ അപകടകരമായ മാനസികനിലയുടെയും അടയാളങ്ങള്‍ തന്നെയല്ലേ ഇവ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
മനുഷ്യമനസ്സാക്ഷിയെ പോലും നടുക്കിക്കളയുന്ന കുറ്റകൃത്യങ്ങളാണ് നാം ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ പ്രതികളാകുന്നവരുടെ എണ്ണം പെരുകുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇരകളാക്കപ്പെടുന്നു. മോഷണവുംകൊലപാതകവും സാമ്പത്തികതട്ടിപ്പും അഴിമതിയും ലൈംഗികപീഡനങ്ങളും വ്യാപകമാകുന്നു. നന്മയിലേക്കും ്‌സനേഹത്തിലേക്കും ഐക്യത്തിലേക്കും സനാതനമൂല്യങ്ങളിലേക്കും വളരുന്നതിന് പകരം തിന്മയിലേക്കും വിദ്വേഷത്തിലേക്കും അനൈക്യത്തിലേക്കും അധാര്‍മ്മികതയിലേക്കും നാം മത്സരിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.
നാഷനല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഐപിസി അനുസരിച്ചുള്ള കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനാണ്. ഇന്ത്യയിലെആകെ കുറ്റകൃത്യങ്ങളില്‍ 14.7 ശതമാനവും കേരളത്തിലാണത്രെ നടക്കുന്നത്. നഗരങ്ങളിലെ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനവും ഐപിസി കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും നമ്മുടെ മെട്രോനഗരത്തിനാണ് എന്ന കാര്യവും അപമാനകരമാണ്. രണ്ടരശതമാനം വളര്‍ച്ച കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലുള്ള അക്രമങ്ങളുടെ കാര്യത്തിലും കേരളം തന്നെയാണ് മുമ്പന്തിയില്‍.
സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ദൈവത്തിന്റെ സ്വന്തം നാട് മികച്ചതാണെന്ന് അവകാശപ്പെടുമ്പോഴും കുറ്റകൃത്യങ്ങളുടെ പേരിലുള്ള ഒന്നാം സ്ഥാനം എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് കേരളസമൂഹം ഒറ്റക്കെട്ടായി നിന്ന് ചിന്തിക്കേണ്ടതുണ്ട്. കുടുംബബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ശൈഥില്യങ്ങളും മാധ്യമങ്ങളുടെ തെറ്റായ ഉപയോഗവും ഭരണകൂടങ്ങളുടെ കുറ്റകരമായ അനാസ്ഥയും എന്നുവേണ്ട എടുത്തുപറയാന്‍ പല കാരണങ്ങളുമുണ്ടാവും. ഏതെങ്കിലും ഒന്നിന്റെ പേരില്‍ ആര്‍ക്കെങ്കിലും നേരെ വിരല്‍ചൂണ്ടി സ്വയം കൈകഴുകാന്‍ നമുക്കാര്‍ക്കും അവകാശമില്ല. കേരളം സമാധാനത്തിലും ശാന്തിയും പരസ്പര സഹവര്‍ത്തിത്വത്തിലും പുലരേണ്ടത് നമ്മുടെയെല്ലാവരുടെയും ആഗ്രഹവും ആവശ്യവുംഅവകാശവുമാണ്. കുടുംബം മുതല്‍ അധികാരവര്‍ഗ്ഗം വരെയുള്ളവര്‍ ഇക്കാര്യത്തില്‍ ഒന്നിച്ചു നില്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ പെരുകുന്നതുകൊണ്ടാണ് ജയിലുകള്‍ കൂടുതല്‍ വേണ്ടിവരുന്നത്. പണ്ട് നമുക്ക്ജയിലുകളുടെ എണ്ണത്തില്‍ വളരെ കുറവാണുണ്ടായിരുന്നത്.
എന്നാല്‍ പുതുതായി വരുന്ന ജയിലുകള്‍ നമ്മുടെസമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ ബാഹുല്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മ്മാണം ഈ മാസത്തോടെ ആരംഭിക്കും. വടകര, കണ്ണൂര്‍ എന്നിവിടങ്ങളിലും സ്‌പെഷ്യല്‍സബ് ജയിലുകള്‍ ഈ മാസം ത്‌ന്നെ ആരംഭിക്കും.കാസര്‍ഗോഡ്, വയനാട് ജില്ലകളിലും ജില്ലാ ജയിലുകള്‍ ഉടന്‍ വരും.
സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കേണ്ട പണം മറ്റ് പല കാര്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കപ്പെടുമ്പോള്‍ അത് സംസ്ഥാനത്തിന്റെ വളര്‍ച്ചയാണ് മുരടിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളുടെ കുത്തൊഴുക്ക് തടയാനും ജയിലുകളുടെ നിര്‍മ്മാണം കുറയ്ക്കാനും കഴിയത്തക്കവിധത്തില്‍ പുതിയൊരു പൊളിച്ചെഴുത്ത് നമുക്കുണ്ടാവേണ്ടിയിരിക്കുന്നു. ബോധവല്‍ക്കരണവും ധാര്‍മ്മികമൂല്യങ്ങളുടെ പ്രചരണവും കുടുംബബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലുകളും ഇക്കാര്യത്തില്‍ പ്രധാനമാണെന്ന് മറക്കരുത്.
ജയിലുകള്‍ കുറയട്ടെ, മതിലുകള്‍ തകരട്ടെ. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അഹിംസയുടെയും ചക്രവാളങ്ങളിലേക്ക് നമുക്ക് കൈകള്‍ കോര്‍ത്ത് നടന്നുനീങ്ങാം.