കൊരുത്ത
നോട്ടങ്ങൾക്കിടയിൽ
വരണ്ട
കടൽ ദാഹങ്ങളുടെ
തിര നൃത്തം
തല തല്ലിക്കേഴുന്ന
മൗനത്തിന്റെ മേലങ്കി
നെടുകെ പിളർത്തി
വരിയുടക്കപ്പെട്ട
വാക്കുകൾ
പിച്ച നടക്കാൻ
ശ്രമിക്കും
ഇരു ധ്രുവങ്ങളിലും
മറ്റൊരു ധ്രുവത്തിന്റെ
കുടിയേറ്റ സ്വപ്നങ്ങളുടെ
സ്മാരക ശിലകളിൽ
രക്ത പുഷ്പങ്ങളുടെ
രേഖാചിത്രങ്ങൾ
അനാവരണം ചെയ്യപ്പെടും
മുറിവുകളുടെ വസന്തം
അധരങ്ങളിൽ
വേനൽ വിരിക്കുകയും
വിളറിയ റോസാദളങ്ങൾക്ക്
ഒറ്റുകൊടുക്കുകയും ചെയ്യും
വാക്കുകളുടെ
വറുതിയിൽ
നിസ്സംഗത
രണ്ട് നിഴലുകൾ
ചുംബിക്കുന്നത് കാക്കും
വാചാലതയുടെ
മുഖം മൂടികളിൽ
മിതഭാഷിയുടെ വചനങ്ങൾ
ആവർത്തിക്കപ്പെടും
ചലനം ചതിയ്ക്കും
നിശ്ചലതയുടെ പാനപാത്രം
നിറഞ്ഞുതൂവും
കർണ്ണപുടങ്ങളിൽ
ചിലമ്പി ചിതറുന്ന വാക്കുകൾ
മറവിയുടെ ബലിക്കല്ലുകളിൽ
ചുവപ്പ് പടർത്തും
മടക്കത്തിന്റെ
അനിവാര്യതയിലും
നോവുതീനികളുടെ
സങ്കീർത്തനം മുഴങ്ങും
കാറ്റ്
തളിരുകൾ കൊഴിക്കുമ്പോഴും
മുറിവുകളുടെ വസന്തങ്ങളാൽ
വേര് അനശ്വരമാണ്….
–സനു മാവടി