സമയം രാത്രി പത്തുമണി. സ്ഥലംഅങ്കമാലി നസ്രത്ത് കോൺവെന്റ്… രാത്രിയുടെ നിശ്ശബദതയിൽ കോളിംങ് ബെൽ നിർത്താതെ ശബ്ദിച്ചുതുടങ്ങി. അസാധാരണമായ ആ മണിമുഴക്കം കേട്ട് കോൺവെന്റിലെ മുറികളിലോരോന്നിലായി വെളിച്ചം തെളിഞ്ഞു. ആശങ്കപ്പെട്ടും ഭയപ്പെട്ടും ഒടുവിൽ വാതിൽ തുറന്നു.
സിസ്റ്റേഴ്സ് ആകാംക്ഷയോടെ നോക്കിയപ്പോൾ കണ്ടത് ചില പോലീസുകാരെയാണ്. അവർ സിസ്റ്റേഴ്സിനോട് പറഞ്ഞത് ഇതാണ്.
”ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. അർപ്പിത സിസ്റ്ററെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ്.”
പോലീസിനെന്താണ് മഠത്തിൽ കാര്യം?
പോലീസിനെന്താണ് മഠത്തിൽ കാര്യമെന്ന് ചോദിക്കരുത്. അങ്കമാലി സ്റ്റേഷൻപരിധിയിലെ പോലീസുകാർക്ക് നസ്രത്ത് സഭയുടെ മഠത്തിൽ ചില കാര്യങ്ങളൊക്കെയുണ്ട്. ഗാർഹികപ്രശ്നങ്ങൾ മൂലം സ്ത്രീകളും കുട്ടികളും വീടുവിട്ടിറങ്ങി പോലീസിന്റെ കസ്റ്റഡിയിലെത്തുമ്പോഴും ചില വ്യക്തികൾ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നു എന്ന വിവരം അറിയുമ്പോഴും പോലീസ് സഹായം തേടി എത്തുന്നത് സിസ്റ്റർ അർപ്പിത സിഎസ് എന്നിന്റെ സമീപത്തേക്കാണ്.
കേരള പോലീസിന്റെ Domestic crime solution centre ലെ കൗൺസിലർ, State welfare board ലെ ഫാമിലി കൗൺസിലർ, NGO ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ് സിസ്റ്റർ അർപ്പിതയെ തേടി പോലീസ് സമയത്തും അസമയത്തും എത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ സിസ്റ്റർ അർപ്പിതയ്ക്ക് മറ്റൊരു പേരുകൂടിയുണ്ട്, ‘പോലീസ് സിസ്റ്റർ’.
പോലീസ് സിസ്റ്ററിന്റെ കഥ
പോലീസിന് ഇടപെടാനോ സഹായിക്കാനോ പോലും കഴിയാത്ത സാഹചര്യങ്ങളിലും തനിക്ക് പ്രവർത്തിക്കാൻ കഴിയുന്നത് തിരുവസ്ത്രത്തിന്റെ മേൽവിലാസം ഉള്ളതുകൊണ്ടാണെന്നാണ് സിസ്റ്റർ അർപ്പിത വിശ്വസിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുക്കുകയോ അല്ലെങ്കിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ പോലീസിന് മുന്നിലെത്തുകയോ ചെയ്യുന്നവർക്ക് ഉചിതമായ കൗൺസലിംങ് നല്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, ഗാർഹികപീഡനങ്ങളുടെ ഇരകളായവർക്ക് വിദഗ്ദമായ നിയമസഹായം നല്കുക, ലൈംഗികപീഡനത്തിന്റെ ഇരകളായ പെൺകുട്ടികൾക്കും കൊച്ചുകുട്ടികൾക്കും സംരക്ഷണം നല്കുക എന്നിങ്ങനെ നിരവധി സേവനങ്ങളാണ് അർപ്പിത നല്കിക്കൊണ്ടിരിക്കുന്നത്.
ഒരു കന്യാസ്ത്രീക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് സമൂഹം കൃത്യമായി നല്കിക്കൊണ്ടിരിക്കുന്ന ചില മറുപടികളെ തിരുത്തിയെഴുതുകയാണ് സിസ്റ്റർ അർപ്പിത. കന്യാസ്ത്രീമാരെക്കുറിച്ചുളള പൊതുധാരണകളെ പൊളിച്ചടുക്കുന്ന പ്രവർത്തനങ്ങളാണ് അർപ്പിത ചെയ്തുകൊണ്ടിരിക്കുന്നതും. ഇക്കഴിഞ്ഞ നീണ്ട സേവനകാലയളവിൽ നിരവധി കുടുംബങ്ങളുടെയും വ്യക്തികളുടെയും കണ്ണീരൊപ്പാൻ സിസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് വെൽഫെയർ ബോർഡിൽ കൗൺസിലറായി പ്രവർത്തിക്കുന്ന ഏക കന്യാസ്ത്രീ
കൂടിയാണ് ഇതെന്ന് അറിയുമ്പോഴേ അർപ്പിതയുടെ പ്രവർത്തനങ്ങളുടെ വ്യാപ്തിയെക്കുറിച്ച് നമുക്ക് വ്യക്തമായി മനസ്സിലാക്കാനാവൂ.
മുകളിൽ പറഞ്ഞതുപോലെ മറ്റ് നിരവധി സംഭവങ്ങൾ സിസ്റ്റർ അർപ്പിതയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു 2018 ലെ വെള്ളപ്പൊക്കകാലത്തേത്. അധികാരികൾ നിസ്സഹായരായി നോക്കിനിന്നപ്പോൾ കന്യാസ്ത്രീയായതുകൊണ്ടുകൂടി തനിക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞ ചില സംഭവങ്ങളെക്കുറിച്ച് സിസ്റ്റർ പറഞ്ഞത് ഇപ്രകാരമാണ്.
”വെളളപ്പൊക്കം എന്ന അനുഭവം അതുവരെ നേരിട്ടിട്ടില്ലാത്തവരായിരുന്നു ഞങ്ങളുടെ ചുറ്റുപാടുമുള്ളവർ. അതുകൊണ്ടുതന്നെ ക്യാമ്പിലേക്ക് താമസം മാറണമെന്ന് ആവശ്യപ്പെട്ട് അധികാരികൾ എത്തിയപ്പോഴും അവരതിനോട് സഹകരിച്ചില്ല. ഈ അവസരത്തിലാണ് ഞങ്ങൾ അവരെ ചെന്നുകണ്ടതും സംഭവിക്കാൻ പോകുന്ന അപകടത്തെക്കുറിച്ച് വ്യക്തമായി ബോധ്യപ്പെടുത്തിയതും. ഒരു കന്യാസ്ത്രീ വന്ന് പറഞ്ഞതോടെ കാര്യങ്ങളുടെ ഗൗരവം മനസ്സിലാവുകയും വേഗം തന്നെ ക്യാമ്പിലേക്ക് മാറാൻ അവർ സന്നദ്ധത കാണിക്കുകയും ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം അപരിചിതമായ ലോകമായിരുന്നു ക്യാമ്പ്. പലഭാഗങ്ങളിൽ നിന്ന് വന്നുകൂടിയിരിക്കുന്നവർ. ഇത്തരമൊരു അന്തരീക്ഷത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വളരെ പ്രധാനമാണെന്ന് മനസ്സിലാക്കുകയും സ്ത്രീകളെയും കുടുംബനാഥന്മാരെയും വിളിച്ചുകൂട്ടി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയെക്കുറിച്ച് ബോധവല്ക്കരണം നടത്തുകയും ചെയ്തു. ഇത് പല അനിഷ്ടസംഭവങ്ങളും ഒഴിവാക്കുന്നതിന് സഹായകരമായി.”
വെള്ളപ്പൊക്കത്തിന് പിന്നാലെ വന്ന കോവിഡും ജനജീവിതം ദുസ്സഹമാക്കിയപ്പോൾ അവിടെയും സിസ്റ്റർ അർപ്പിതയുടെ ക്രിയാത്മകമായ ഇടപെടലുകളുണ്ടായിരുന്നു. ഓൺലൈൻ ക്ലാസുകളും സെമിനാറുകളും വഴി ഇരുപത്തയ്യായിരത്തോളം പേരിലേക്ക് ആശ്വാസം എത്തിക്കാനും കഴിഞ്ഞു.
സമർപ്പിതജീവിതത്തിന്റെ സന്തോഷങ്ങൾ
മറ്റ് കന്യാസ്ത്രീകളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നതുകൊണ്ട് കോൺവെന്റ് ജീവിതത്തിലെ ചിട്ടവട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് കൃത്യസമയത്തുള്ള പ്രാർത്ഥനകളിൽ പങ്കെടുക്കാനോ സന്ധ്യയ്ക്ക് മുമ്പ് മഠത്തിലെത്താനോ കഴിയാറില്ല. ഇതൊഴിച്ചുനിർത്തിയാൽ താൻ എല്ലാവിധത്തിലും സന്തോഷ വതിയും സംതൃപ്തയുമാണെന്നാണ് സിസ്റ്റർ പറ യുന്നത്.
സമർപ്പിതജീവിതം തിരഞ്ഞെടുത്തിട്ട് 2024 ൽ മുപ്പതുവർഷം പൂർത്തിയാക്കുകയാണ് സിസ്റ്റർ അർപ്പിത. ഇക്കാലയളവിൽ നിരവധി പേർക്ക് ജീവിതത്തിന്റെ സന്തോഷങ്ങൾ തിരികെ നേടിക്കൊടുക്കാനും അവഗണിക്കപ്പെട്ടവരും പീഡിതരുമായവർക്ക് നിയമത്തിന്റെ പരിരക്ഷ സമ്മാനിക്കാനും കഴിഞ്ഞതിൽ സിസ്റ്ററിന് ഏറെ അഭിമാനമുണ്ട്.
തളരരുത്
കുടുംബജീവിതമായാലും സന്യാസജീവിതമായാലും വെല്ലുവിളികൾ നേരിടേണ്ടിവരും. ഓരോ ജീവിതാവസ്ഥയ്ക്കും അതിന്റേതായ പ്രശ്നങ്ങളും സങ്കീർണ്ണതകളുമുണ്ട്. അതുപോലെ തന്നെ സന്തോഷങ്ങളും. വെല്ലുവിളികൾക്ക് മുമ്പിൽ തളരാതിരിക്കുക. എങ്കിൽ മാത്രമേ കാത്തുനില്ക്കുന്ന സന്തോഷങ്ങൾ അനുഭവിക്കാൻ നമുക്ക് സാധിക്കു
കയുള്ളൂവെന്നാണ് സിസ്റ്റർ പറയുന്നത്. വെല്ലുവിളികളെ നേരിടാൻ കഴിയാതെ പാതിവഴിയിൽ പ്രവർ
ത്തനങ്ങൾ മാത്രമല്ല, ജീവിതംതന്നെ അവസാനിപ്പിക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. അതൊരിക്കലും പാടില്ല. സന്യാസിനിയായ തനിക്കുപോലും ഈ ലോകത്തിലെ അനേകർക്ക് വെളിച്ചം പകർന്നുകൊടുക്കാൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധിക്കുമെങ്കിൽ അതിലുമെത്രയോ അധികമായി മറ്റുള്ള ഓരോരുത്തർക്കും പ്രവർത്തിക്കാനും സഹായിക്കാനും കഴിയില്ലേ എന്നാണ് സിസ്റ്റർ അർപ്പിത ചോദിക്കുന്നത്.
ഫോൺ വിളിക്ക് കാതോർത്ത്
ഓരോ ഫോൺവിളിക്കും കാതോർത്താണ് സിസ്റ്റർ അർപ്പിതയുടെ ദിവസങ്ങൾ മുന്നോട്ടുപോകുന്നത്. മറുതലയ്ക്കൽ ജീവിതം വഴിമുട്ടി നില്ക്കുന്ന ആരോ ഒരാളുണ്ട് എന്ന് സിസ്റ്റർക്കറിയാം. അവർക്ക് തന്റെ ആവശ്യമുണ്ടെന്നും. രാവെന്നോ പകലെന്നോ സമയമെന്നോ അസമയെന്നോ ഭേദമില്ലാതെ അക്കാരണത്താൽ തന്നെ സിസ്റ്റർ അർപ്പിത ഫോണിലൂടെ അവരോടെല്ലാം സംസാരിക്കും. ആവശ്യമറിഞ്ഞ് അവർക്കുവേണ്ടി നടപടികൾ കൈക്കൊള്ളുകയും ചെയ്യും. അങ്കമാലി മോണിംങ് സ്റ്റാർ കോളജിൽ സിസ്റ്റർ ഡയറക്ടറായി സെന്റ് ജൂഡ് കൗൺസലിംങ് സെന്റർ പ്രവർത്തിക്കുന്നുമുണ്ട്. വിവിധതരം പ്രശ്നങ്ങളുമായി തന്നെ സമീപിക്കുന്നവർക്ക് സൗജന്യമായിട്ടാണ് കൗൺസലിംങ് നല്കിവരുന്നത്. മേഘാലയയിലെ മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽവർക്കിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.