ഇത് ജെൻസൻ. സ്വദേശം കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ ചുള്ളിയോടി എന്ന ഗ്രാമം. 22-ാം വയസിൽ മലയോരത്തെ വീടിന്റെ പ്രതീക്ഷാഭാരവുമായി ഗൾഫിലേക്ക് വിമാനം കയറി. ദുബായിലെത്തി ആദ്യനാളുകളിൽ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും വീടിന്റെ പ്രതീക്ഷകളെ വാനോളമെത്തിക്കാൻ അവൻ എല്ലാത്തിനോടും വളരെവേഗം പൊരുത്തപ്പെട്ടു.
എന്നാൽ വിധി മറ്റൊന്നായിരുന്നു. പ്രവാസത്തിന്റെ ആറാം വർഷം അപ്പന് കാൻസർ ബാധ സ്ഥിരീകരിച്ചു. അതോടെ ഗൾഫ് സ്വപ്‌നങ്ങൾക്ക് വിടനൽകി 28-ാം വയസിൽ അവൻ നാട്ടിലേക്ക് മടങ്ങി.
ഗൾഫ് ജീവിതത്തിൽ കൂട്ടിവെച്ചതെല്ലാം അപ്പന്റെ ചികിൽസയ്ക്കും മറ്റുമായി ചെലവഴിച്ചു. ചികിൽസയ്ക്കൊടുവിൽ അപ്പനുമായി വീട്ടിലേക്കെത്തിയപ്പോൾ മുന്നോട്ടുള്ള ജീവിതത്തിൽ വീണ്ടും അനിശ്ചിതത്വം. കരകയറാൻ പലവഴികൾ അവൻ തേടി. അതിൽ പ്രധാനമായത് സിമന്റ്-കട്ടിള നിർമാണ കേന്ദ്രത്തിലെ ജോലിയായിരുന്നു.
2017 ഡിസംബർ 24. അന്ന് അവന്റെ ജീവിതം തലകീഴായി മറിഞ്ഞു. ജോലി പൂർത്തിയാക്കി രാത്രി ഏറെ വൈകി അവൻ വീട്ടിലേക്ക് എത്തുന്നു. മെയിൻ റോഡിൽ നിന്നും 300 മീറ്റർ ഇടവഴി നടന്നുവേണം വീട്ടിലെത്താൻ. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള ഒറ്റയടിപ്പാത. മൊബൈൽഫോൺ ഓഫായിപ്പോയതിനാൽ വെളിച്ചമില്ലാത്ത അവസ്ഥ. വഴി പാതിയോളം പിന്നിട്ട അവൻ ഒരു ഒതുക്കുകല്ലിൽ കയറിയപ്പോൾ കാലൊന്നു തെറ്റി. ഒരാൾപൊക്കമുള്ള ഒരു കെട്ടിനു മുകളിൽ നിന്നു അവൻ താഴേക്കു പതിച്ചു. പിന്നാലെ ഇരുട്ടിൽ നിന്നും ഒരുകല്ലുകൂടി അവന്റെ നെഞ്ചത്തു പതിച്ചു. പിന്നെയൊന്നും ഓർമയില്ല.
ശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നീണ്ട ആശുപത്രി വാസം. അതിനിടയിൽ അവൻ യാഥാർഥ്യം അറിയുന്നില്ല. പ്രതീക്ഷകൾ തകരാതിരിക്കാൻ അവനോട് ആരും ഒന്നും പറഞ്ഞുമില്ല. ഇടയ്ക്കവൻ തന്റെ ശരീരം ഇളക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അത് കല്ലുപോലെ കിടക്കുകയാണ്. എങ്കിലും എല്ലാം ശരിയാകുമെന്ന ഡോക്ടറുടെ വാക്കുകളാണ് അവനെ പ്രതീക്ഷയോടെ ജീവിക്കാൻ പ്രേരിപ്പിച്ചത്.
ജെൻസന് മുന്നിലെ യാഥാർഥ്യം വെളിപ്പെടുത്തിക്കൊടുത്തത് അപ്പന്റെ അനുജനായിരുന്നു. ‘സ്പൈനൽകോഡ് ഇൻജ്വറിയാണ്. ഇനി എഴുന്നേറ്റുനടക്കാൻ കഴിയുമെന്നു തോന്നുന്നില്ല.’
ആ വാക്കുകൾ അവന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞു. ജീവിതം ഇനിയെന്തിനെന്ന ബോധ്യം മനസിനെ വേട്ടയാടി. മലമുകളിലെ വീട്ടിലേക്ക് കൂട്ടുകാർ എടുത്തുയർത്തി എത്തിച്ചപ്പോൾ അവൻ എല്ലാം തകർന്നവനെപ്പോലെ മരച്ചിരുന്നു. രോഗ ബാധിതനായ അപ്പന്റെയും വാർധക്യം തളർത്തിയ അമ്മയുടേയും സഹായഹസ്തം നീണ്ടുവരുമ്പോൾ അവരുടെ കഷ്ടപ്പാട് ഓർത്ത് അവൻ നിർത്താതെ കരഞ്ഞു. അങ്ങകലെ നിന്നും സഹായിക്കാനായി വരുന്ന ചേട്ടന്റെയും ചേച്ചിയുടെയും ബുദ്ധിമുട്ടുകളും അവനെ വല്ലാതെ തളർത്തി.
അങ്ങനെയവൻ മരണത്തെക്കുറിച്ച് തീരുമാനമെടുത്തു.
ആദ്യശ്രമം തൂങ്ങിമരിക്കാനായിരുന്നു. അങ്ങനെ ഒരു രാത്രിയിൽ എല്ലാവരും കിടന്നുറങ്ങിയപ്പോൾ ശരീരമൊന്നിളകാൻ ജനലിൽ കെട്ടിയ കയറിൽ ഒരു കുരുക്കുണ്ടാക്കി. കുരുക്ക് കഴുത്തിലിട്ട് ജീവിതത്തിലെ കറുത്ത യാഥാർഥ്യത്തിനൊപ്പം കട്ടിലിനു പുറത്തേക്ക് മറിഞ്ഞുവീഴാനുള്ള ശ്രമം. ഒന്നുനോക്കി, പിന്നൊന്നുകൂടി, പിന്നെ പല പ്രാവശ്യം… ശരീരം ഒരിഞ്ചുപോലും അനങ്ങാതെ കിടന്നപ്പോൾ തളർച്ചയോടെ അവൻ ശ്രമത്തിൽ നിന്ന് പിൻവാങ്ങി.
രണ്ടാം ശ്രമം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു. അതിനായി അവൻ വീട്ടുകാർ അറിയാതെ ഒരു ബ്ലേഡ് സംഘടിപ്പിച്ചു. രാത്രി വൈകി വീട്ടിൽ അവസാനത്തെ ലൈറ്റും അണഞ്ഞപ്പോൾ അവൻ കൈ ഞരമ്പ് മുറിച്ചു. പുലർച്ചയെത്തും വരെ മരണത്തെ കാത്തിരുന്നിട്ടും മരണം വന്നെത്തിയില്ല. അവസാനം പരാജയം സമ്മതിച്ച് വീട്ടുകാരെ അറിയിച്ച് ആശുപത്രിയിൽ ചികിൽസ തേടി. രക്തം കട്ട പിടിച്ചതാണ് ഞരമ്പ് മുറിച്ചിട്ടും മരണമെത്താതിരുന്നതിന് കാരണമെന്ന് പരാജയ കാരണം അന്വേഷിച്ച അവന് വ്യക്തമായി.
മൂന്നാം ശ്രമം മരിക്കാൻ സഹായം തേടലായിരുന്നു. പലരേയും ബന്ധപ്പെട്ടു. അവസാനം അവന്റെ ദുരിതാവസ്ഥ മനസിലാക്കിയ ഒരു സംഘം ‘ദയാവധത്തിനുള്ള’ ശ്രമം ഏറ്റെടുത്തു.’നിങ്ങൾ ഒരാളെ കൊല്ലുകയല്ല, അവന്റെ ദുരിതമകറ്റാൻ ഒരു കൈ സഹായം ചെയ്യുന്നുവെന്നു മാത്രം’. ജെൻസൻ അവരുടെ ശ്രമങ്ങളെ ലഘൂകരിച്ചു. കഴുത്തിൽ കുരുക്കിടുമ്പോൾ കട്ടിലിനു താഴേക്കു മറിച്ചിടാൻ സഹായിക്കണമെന്നതു മാത്രമായിരുന്നു അവന്റെ ഡിമാന്റ്. അവർ സമ്മതിച്ചു. അങ്ങനെ അവർ സൗകര്യപ്രദമായ ദിവസം എത്താമെന്നുള്ള ഉറപ്പിൽ മടങ്ങി.
നാലുനാളുകൾക്കുശേഷം അവർ വിളിച്ചു. രാത്രി 12 ഓടെ എത്താമെന്നും കൃത്യം നിർവഹിക്കാമെന്നും അവർ ഉറപ്പുനൽകി.
അന്നു രാത്രി അവൻ മരണത്തിന്റെ കാലടിയും ചെവിയോർത്ത് കാത്തിരുന്നു. മനസും മരണവും സംഘർഷത്തിൽ ഏർപ്പെട്ടു. അതികഠിനമായിരുന്നു ആ അവസ്ഥ. ചെറിയ ഇലയനക്കം പോലും മരണത്തിന്റെ കാലൊച്ചയായിരുന്നു അനുഭവപ്പെട്ടത്. സമയം 12 നോടടുക്കും തോറും മനസ് വല്ലാതെ വിങ്ങി. സമയം 12 കഴിഞ്ഞു. ഒന്ന് കഴിഞ്ഞു, രണ്ട് കഴിഞ്ഞു…. മനസ് അതീവ ഭയാനകമായി… ഇടയിൽ അറിയാതെ അവന്റെ ചുണ്ടുകൾ പ്രാർഥനാഭരിതമായി. അപ്പോൾ ദൈവികമായ ഒരു ഉൾവിളി അവനെ മൂടി. അങ്ങനെ അവൻ മരണത്തെ മറന്നു. ജീവിതത്തെ പുൽകാൻ തീരുമാനിച്ചു. അപ്പോഴേക്കും നേരം പുലർന്നു.
കുറച്ചുകഴിഞ്ഞപ്പോൾ മൊബൈൽ ശബ്ദിച്ചു. ദൗത്യമേറ്റെടുത്തവരാണ്. ബൈക്കിൽ വരുന്നവഴിക്ക് ചെറിയ ഒരു അപകടം സംഭവിച്ചുവെന്നും അതാണ് വരാൻ കഴിയാതിരുന്നതെന്നും അവർ അറിയിച്ചു. ഇന്നു രാത്രി എത്തിയേക്കാമെന്ന ഉറപ്പ് അവർ അവനു നൽകി. ജെൻസന്റെ മനസിൽ മരണം മരിച്ചിരുന്നു. അതിനാൽ അവൻ ഇങ്ങനെ പറഞ്ഞു. ‘ഞാൻ ജീവിക്കാൻ തീരുമാനിച്ചു സുഹൃത്തുക്കളെ, ക്ഷണിച്ചുവരുത്തുന്ന മരണം എനിക്കു വേണ്ട’.
ജീവിക്കാൻ തീരുമാനിച്ച കാര്യം നാട്ടുകാരെയും വീട്ടുകാരെയും കൂട്ടുകാരെയും അവൻ വിളിച്ചറിയിച്ചു. എല്ലാവരും എത്തി അവനെ കോയമ്പത്തൂരിലെ സഹായി ആശുപത്രിയിൽ എത്തിച്ചു. അവിടുത്തെ ഡോക്ടർ ഗജേന്ദ്രന്റെ സ്നേഹപൂർവമായ ചികിൽസ വഴി അവൻ വീൽചെയറിൽ ഇരിക്കാൻ പഠിച്ചു. അങ്ങനെ ചക്രവേഗത്തിൽ ഓടാൻ ഉറച്ചു… കൂടെ സ്വപ്‌നങ്ങൾ നെയ്യാനും.