അതിജീവനത്തിന്റെ അരങ്ങിൽ…

Date:

എത്രയോ നാടകങ്ങൾ ഇതിനകം കണ്ടിട്ടുള്ളവരാണ് മലയാളികൾ. പക്ഷേ അവർ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള പുതിയൊരു നാടകത്തിന് ഇതാ തിരശ്ശീല ഉയരുന്നു. നാടകസങ്കല്പങ്ങളുടെ എല്ലാ ചിട്ടവട്ടങ്ങളും പുലർത്തുകയും എന്നാൽ അരങ്ങുകൾക്ക് ഇതുവരെ പരിചയമില്ലാത്ത ഏതാനും  അഭിനേതാക്കളെ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള ഛായ എന്ന നാടകത്തിനാണ് ഇവിടെ തിരശ്ശീല ഉയരുന്നത്.  ചക്രക്കസേരകളിലിരുന്ന് ജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന ഒമ്പതുപേരാണ് ഇതിൽ അഭിനേതാക്കളായി എത്തുന്നത് എന്നതാണ്  ഈ നാടകത്തിന്റെ പ്രത്യേകത. വളയൻചിറങ്ങര സുവർണ്ണ തീയറ്റേഴ്സ് അരങ്ങിലെത്തിക്കുന്ന ഛായ എന്ന നാടകം ഇങ്ങനെയാണ് മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്. 

ജീവിതത്തിന്റെ ഉത്സവഛായയിൽ കഴിഞ്ഞുപോരുമ്പോൾ തന്നെ അപകടത്തിന്റെ രൂപത്തിലെത്തിയ ചില ആകസ്മികതകൾ പിന്നീടുള്ള ജീവിതത്തെ ചക്രക്കസേരകളിലേക്ക് തള്ളിയിട്ടപ്പോഴും വിധിയെന്ന് പഴിക്കാതെയും ശപിക്കാതെയും വർത്തമാനകാലത്തെ പ്രസാദാത്മകതയോടെ കാണുകയും ഭാവിയെ സന്തോഷത്തോടെ കാത്തിരിക്കുകയും ചെയ്യുന്ന ഉണ്ണി മാർക്സ്, ശരത് പടിപ്പുര, മാർട്ടിൻ നെട്ടൂർ, അഞ്ജു റാണി, ധന്യ ഗോപിനാഥ്, ഷാനു നവാസ്, സുനിൽ മൂവാറ്റുപുഴ, രഞ്ജിത് പിറവം, സജി വാഗമൺ എന്നിവരാണ് ഛായയിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. എന്നുകരുതി ഇത് അംഗവൈകല്യമുള്ളവരുടെ ജീവിതം പറയുന്ന നാടകമാണെന്നോ അവരെ സഹതാപത്തിന് വിധേയരാക്കുന്ന ഇതിവൃത്തമാണെന്നോ കരുതരുത്. സാധാരണ അഭിനേതാക്കൾ നിന്നുകൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ പകരുമ്പോൾ ഇവർ ഇരുന്നുകൊണ്ട് അഭിനയിക്കുന്നുവെന്ന് മാത്രം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു മുന്നേറ്റം. സുവര്‍ണ ജോ. സെക്രട്ടറിയായ വി.ടി. രതീഷ് ആണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സെറ്റ് ഡിസൈനര്‍ ആര്‍.എല്‍.വി അജയ്.

നാടകകലാകാരനായ എൻ. എം . രാജേഷിന്റെ മനസ്സിലെ ആശയമാണ് ചക്രക്കസേരകളിലെ ജീവിതങ്ങളെ അരങ്ങിലെ വെള്ളിവെളിച്ചത്തിൽ എത്തിച്ചിരിക്കുന്നത്. അതിന് നിമിത്തമാകട്ടെ മേൽപ്പറഞ്ഞ അഭിനേതാക്കളുടെ നേതൃത്വത്തിലുള്ള ‘തണൽ ഫ്രീഡം ഓൺ വീൽസ്’ എന്ന കരോക്കെ ഗാനസംഘത്തിന്റെ പ്രോഗ്രാം കണ്ടതും.  അവരുടെ അവസ്ഥയോട് എനിക്ക് സഹതാപമല്ല തോന്നിയത്.  വേദിയിൽ  അവർ പ്രകടിപ്പിക്കുന്ന  എനർജിയും പോസിറ്റീവ് മനോഭാവവുമാണ് എന്നെ കൂടുതലായി ആകർഷിച്ചത്. അതിൽ നിന്നാണ് അവരെ തന്നെ  കഥാപാത്രങ്ങളായി നാടകം രചിക്കണമെന്ന് തീരുമാനമെടുത്തത്. രാജേഷ് പറയുന്നു. രാജേഷ് തന്റെ മനസ്സിലെ ആശയം സുവർണ്ണ തീയറ്റേഴ്സ് പ്രസിഡന്റ് കെ. കെ ഗോപാലകൃഷ്ണനുമായി പങ്കുവച്ചു. ഫ്രീഡം ഓൺ വീൽസിലെ അംഗങ്ങൾ സമ്മതം അറിയിക്കുക കൂടി ചെയ്തതോടെ രാജേഷ് നാടകരചനയിലേക്ക് കടന്നു. തങ്ങളുടെ പ്രശ്നങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നതിന് ഉപരി തങ്ങൾക്കുള്ള കഴിവുകൾ ലോകത്തെ കാണിച്ചുകൊടുക്കാനുള്ള സാധ്യതയായിട്ടാണ് അഭിനേതാക്കൾ തങ്ങൾക്കുള്ള ഈ അവസരത്തെ കണ്ടത്. അതവരെ കൂടുതൽ പ്രചോദിപ്പിക്കുകയും ആത്മവിശ്വാസമുള്ളവരാക്കിത്തീർക്കുകയും ചെയ്തു.

ഒരു ചിത്രകാരന്റെയും അയാൾ ഒരു പ്രത്യേകസാഹചര്യത്തിൽ അനുഭവിക്കുന്ന മാനസികസംഘർഷങ്ങളുടെയും കഥയാണ് ഛായ പറയുന്നത്. നാടകത്തിൽ അഭിനയിക്കുന്നത് വെല്ലുവിളിയായിരുന്നില്ലെങ്കിലും  റിഹേഴ്സലിനായി അനുയോജ്യമായ സ്ഥലം കിട്ടാതെ വന്നത് ബുദ്ധിമുട്ടുതന്നെയായിരുന്നു.  കാരണം അനുവദിച്ചുകിട്ടിയ പല സ്ഥലങ്ങളും ഉയർന്ന കെട്ടിടങ്ങളിലായിരുന്നു. ഒടുവിൽ അനുയോജ്യമായ സ്ഥലം കിട്ടി. വെങ്ങോലയിലുള്ള ‘സമൃദ്ധി ഓഡിറ്റോറിയ’മായിരുന്നു അത്. ഫാ. ജോസാണ് അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തത്. ഒരു മാസക്കാലം നീണ്ടുനില്ക്കുന്ന റിഹേഴ്സൽക്കാലം അഭിനേതാക്കളുടെ  ഉള്ളിലെ അഭിനയത്തീപ്പൊരി ആളിക്കത്തിക്കാൻ ഇടയാക്കി. ഇവരുടെ ആത്മധൈര്യത്തിനും അഭിനയപ്രതിഭയ്ക്കും പിന്തുണയുമായി കൊച്ചിൻ ഷിപ്പാർഡ് ലിമിറ്റഡ് കൂടി എത്തിയതോടെയാണ്  ഛായയെ അരങ്ങിലെത്തിക്കാൻ സുവർണ്ണ തീയറ്റേഴ്സിന് സാധ്യമായത്. 

നാടകകൃത്തുതന്നെയാണ് സംവിധായകനും. നാടകമെന്ന കലയോട് ഈ അഭിനേതാക്കൾ കാണിച്ച പ്രതിബദ്ധതയും ആത്മാർത്ഥതയും വിസ്മരിക്കാവുന്നതല്ല. എറണാകുളത്തെ ആദ്യ സ്റ്റേജിന് ശേഷം കേരളത്തിലും പുറത്തുമായി വിവിധ വേദികളിൽ ഛായ അരങ്ങിലെത്തിക്കണം എന്നുതന്നെയാണ് ഇതിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയുമെല്ലാം ആഗ്രഹം. 

അംഗപരിമിതരുടെ ജീവിതം വീട്ടിനുള്ളിൽ തളച്ചിടാനുള്ളതല്ലായെന്നു തന്നെയാണ് ഛായയിലെ പ്രകടനത്തിലൂടെ അഭിനേതാക്കൾ ലോകത്തോട് വിളിച്ചുപറയുന്നത്. അതിജീവിക്കാനും പോരാടാനും കരുത്തും മനസ്സുമുണ്ടെങ്കിൽ സാഹചര്യങ്ങൾ ഓരോരുത്തരെയും തേടിവരുക തന്നെ ചെയ്യുമെന്നും ഇവിടെ വെളിവാകുന്നു. ഉൾവലിയാതെ, കഴിവുകൾ കണ്ടെത്തി പുറംലോകത്തേക്ക് കടന്നുവരാൻ അംഗ പരിമിതരല്ലാത്തവർക്കു കൂടി ഇവർ നല്കുന്ന പ്രചോദനം  തെല്ലും ചെറുതൊന്നുമല്ല.  അതിജീവനത്തിന്റെ ഈ കരുത്തിന് വലിയൊരു സല്യൂട്ട്.

More like this
Related

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ...
error: Content is protected !!