നന്ദി = നല്ല ജീവിതം

Date:

ഓരോ പ്രഭാതത്തിലേക്കും നാം ഉണർന്നെണീല്ക്കുന്നത് എന്തുതരം വികാരത്തോടെയാണ്? ശാരീരികമായ ചില അസുഖങ്ങളെയോ വല്ലപ്പോഴുമുണ്ടാകുന്ന മൂഡ് വ്യതിയാനങ്ങളെയോ ഒഴിവാക്കിക്കൊണ്ടാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്. നന്ദിയോടെയായിരിക്കണം നാം ഓരോ പ്രഭാതത്തെയും സ്വീകരിക്കേണ്ടതെന്നാണ് ചില പഠനങ്ങൾ പറയുന്നത്. കാരണം ഒരു ദിവസം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. കാപ്പി കുടിക്കാൻ, സുഹൃത്തിന് വാട്സാപ്പ് ചെയ്യാൻ, ഇണയെ ആലിംഗനം ചെയ്യാൻ, മഴ നനയാൻ, സംഗീതം കേൾക്കാൻ, ജോലി ചെയ്യാൻ, മക്കളുടെ  ചുംബനങ്ങൾ സ്വീകരിക്കാൻ… 

നാം ഉണർന്നെണീറ്റിരിക്കുന്നു എന്നതും നമ്മൾ ആരോഗ്യത്തോടെയിരിക്കുന്നു എന്നതുമാണ് പ്രധാനപ്പെട്ട കാര്യം. ഉദാഹരണത്തിന് ഇന്നലെ ഈ  ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ഏകദേശം 150,000 പേർ മരണമടഞ്ഞിട്ടുണ്ട്. റോഡ പകടം, അക്രമം, രോഗം, പ്രകൃതിക്ഷോഭം എന്നിവയെല്ലാം കാരണമാണിത്. ഇന്നും അതുപോലെ തന്നെ ആളുകൾ മരിക്കും.നാളെയും ഇത്തരം മരണങ്ങൾ ആവർത്തിക്കും. മറ്റനാളും. ഒരു കലണ്ടറിലെ അവസാനതാളും മറിഞ്ഞുകഴിയുമ്പോൾ ഈ ലോകത്ത് നിന്ന് 55. 3 മില്യൻ ആളുകൾ തങ്ങളുടെ അവസാനശ്വാസമെടുത്തുകഴിഞ്ഞിരിക്കും എന്നാണ് മറ്റൊരു കണക്ക്. 

എന്തിനേറെ  ഈ ലേഖനം എഴുതി പൂർത്തിയാക്കുമ്പോഴേക്കും ഈ ലോകത്തിൽ നിന്ന് ചിലപ്പോൾ പത്തോ അതിലേറെയോ ആളുകൾ മരണമടഞ്ഞേക്കാം. എന്നിട്ടും ഇത് വായിക്കാൻ നിങ്ങൾ ജീവനോടെയുണ്ട് എന്നതു തന്നെയാണ് നിങ്ങൾ  ഈ ദിവസത്തോടും ജീവിതത്തോടും കാണിക്കേണ്ട നന്ദി. ഇത് അച്ചടിച്ചുവരുന്നതുവരെ ഞാൻ ആരോഗ്യത്തോടും ജീവനോടും കൂടെയിരിക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് ഞാനും ആ ദിനത്തോടും ജീവിതത്തോടും കാണിക്കേണ്ട നന്ദി. നന്ദിയുടെ മനോഭാവവും നന്ദിയുള്ള മനസ്സും ഉണ്ടായിരിക്കുക എന്നത് ജീവിതത്തിലെ പൊതുനന്മയ്ക്ക് കാരണമായിത്തീരുമെന്നാണ് ഗവേഷകർ പറയുന്നത്. 

ഗവേഷകനായ റോബർട്ട് എമ്മോൺസ് പറയുന്നത് നന്ദി എന്നത് നന്മയെക്കുറിച്ചുള്ള തീരുമാനമാണ് എന്നാണ്. നന്ദി പ്രകടിപ്പിക്കുന്നത് നമുക്ക് തന്നെ നന്മയായി മാറുമെന്നും. ഒരു ഗ്രൂപ്പിനെ മൂന്നായി തിരിച്ച് തന്റെ പഠനം നടത്തിയതിന്റെ വെളിച്ചത്തിൽ അദ്ദേഹം കണ്ടെത്തിയ നിഗമനങ്ങൾ ഇങ്ങനെയായിരുന്നു: ഒന്നാമത്തെ ഗ്രൂപ്പിനോട് അദ്ദേഹം പറഞ്ഞത് കഴിഞ്ഞ ഒരാഴ്ച ജീവിതത്തിലുണ്ടായ നല്ല അഞ്ച് അനുഭവങ്ങളെക്കുറിച്ചുള്ള നന്ദി രേഖപ്പെടുത്താനാണ്. രണ്ടാമത്തെ ഗ്രൂപ്പിനോടാവട്ടെ, കഴിഞ്ഞ ആഴ്ച തങ്ങളെ നിരാശപ്പെടുത്തിയ അഞ്ച് സംഭവങ്ങളെക്കുറിച്ച് എഴുതാനും. മൂന്നാമത്തെ ഗ്രൂപ്പിന് നല്കിയ  നിർദേശം കഴിഞ്ഞ ആഴ്ചയിലെ സമ്മിശ്ര അനുഭവങ്ങളെക്കുറിച്ച് എഴുതാനായിരുന്നു. 

അതിൽ നെഗറ്റീവും പോസിറ്റീവും വരാം. ഏകദേശം പത്ത് ആഴ്ച ഈ പരിശീലനം തുടർന്നു. നന്ദി മാത്രം കുറിച്ചുവച്ച ഗ്രൂപ്പിലുള്ളവരുടെ മാനസികവും ശാരീരികവുമായ നിലയിൽ വന്ന മാറ്റം വളരെ അത്ഭുതകരമായിരുന്നു. വരുന്ന ദിവസങ്ങളെ അവർ പ്രതീക്ഷയോടെ കാത്തിരുന്നു. അവർ കൂടുതൽ പോസിറ്റീവ് മനോഭാവമുള്ളവരായി. ശാരീരികരോഗങ്ങളും അവർക്കു കുറവായിരുന്നു. മാത്രവുമല്ല അവർക്ക് വിഷാദം കുറഞ്ഞു, ആത്മാഭിമാനം മെച്ചപ്പെട്ടു, മറ്റുള്ളവരോടുള്ള  സ്നേഹവും സഹാനുഭൂതിയും വർദ്ധിക്കുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ ഗ്രൂപ്പിലുള്ളവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. കാരണം അവർക്ക് നന്ദി രേഖപ്പെടുത്താനുള്ള അനുഭവങ്ങളോ സാഹചര്യമോ ഉണ്ടായിരുന്നില്ലല്ലോ.

പല ആളുകളും നന്ദി പറയാൻ തങ്ങളുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ കാത്തിരിക്കുന്നവരാണ്. പക്ഷേ ഒന്നാമത്തെ ഗ്രൂപ്പിൽ ഉള്ളവർക്കെല്ലാം നല്ല അനുഭവങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് പറയാൻ പറ്റില്ല. മറിച്ച് അവർ തങ്ങളുടെ ഏത് അനുഭവത്തോടും നന്ദിയുള്ളവരായിരുന്നു എന്നേ പറയാൻ പറ്റൂ. പെയ്ത മഴയ്ക്കും പൊരിഞ്ഞ വെയിലിനും തണുത്ത കുളിരിനും അവർ ഒരുപോലെ നന്ദി പറഞ്ഞു. ജീവിതത്തിലെ ഏതു സംഭവങ്ങളെയും മനോഹരമായി കാണുക. ആദ്യം എഴുതിയതുപോലെ ഉണർന്നെണീറ്റതു മുതൽ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതുവരെയുള്ള അതിസ്വാഭാവികമായ ഓരോ സംഗതികൾക്കും നന്ദി പറയുക. അപ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യം നമുക്ക് മനസ്സിലാക്കാൻ കഴിയുക. വലിയ കാര്യങ്ങൾ സംഭവിക്കുന്നതുകൊണ്ടുമാത്രമായിരിക്കരുത് നാം നന്ദി പറയുന്നവരായി മാറേണ്ടത്. 

ഉദാഹരണത്തിന് രാവിലെ തിരക്കുപിടിച്ച് ഓഫീ സിലേക്കോ അല്ലെങ്കിൽ അടിയന്തിരമായ ഒരു മീറ്റിങ്ങിനോ സംബന്ധിക്കാനായി പോകുമ്പോൾ നിങ്ങൾ ഒരു ട്രാഫിക് ജാമിൽ കുടുങ്ങുന്നു. സ്വഭാവികമായും ദേഷ്യം തോന്നാം. നിരാശ അനുഭവപ്പെടാം. നിരയായികിടക്കുന്ന മറ്റ് വണ്ടിക്കാരോട് പോലും  വെറുപ്പു തോന്നാം. എന്നാൽ ഈ അവസരത്തിലും നമുക്ക് നന്ദിയുള്ളവരായി മാറാൻ കഴിയുമെന്നാണ് ഹാരീസ് എന്ന ഗവേഷകൻ പറയുന്നത്. ആ നേരങ്ങളിൽ നാം ചിന്തിക്കേണ്ടത് യുദ്ധമേഖലകളിലും മറ്റും ജീവനും പൊതിഞ്ഞുപിടിച്ച് മണലാരണ്യങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവരുന്നവരെക്കുറിച്ചാണ്. വീടും നാടും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന അഭയാർത്ഥികളെക്കുറിച്ചാണ്. അങ്ങനെയൊരു ചിന്ത കൊണ്ടുവന്നാൽ നാം ആയിരിക്കുന്ന എ.സി വാഹനത്തിൽ പാട്ടും കേട്ട് ട്രാഫിക്കിൽ കുടുങ്ങിയതിനെയോർത്ത് നാം നന്ദി പറഞ്ഞുപോകും. 

പാതിരാത്രിയിൽ കൊച്ചുകുഞ്ഞുങ്ങൾ ഉറക്കമുണർന്ന് കരയുമ്പോൾ അസ്വസ്ഥതപ്പെടുന്ന അമ്മമാരൊക്കെ ഓർക്കണം, ഈ ലോകത്തിൽ മക്കളുണ്ടാകാൻ  അവസരം കിട്ടാതെ പോയ സ്ത്രീകളെയോർത്ത്. ജോലിക്കിടയിൽ മക്കളുടെ കളിചിരികൾ അസ്വസ്ഥപ്പെടുത്തുന്ന അപ്പന്മാരും വിചാരിക്കണം സ്വന്തമായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാതെ പോയ പുരുഷന്മാരെക്കുറിച്ച്. അപ്പോഴൊക്കെ നാം കൂടുതൽ നന്ദിയുള്ളവരാകും. ഭാര്യ വച്ചുവിളമ്പിയ ഭക്ഷണത്തിന് കുറ്റംപറഞ്ഞ് എണീറ്റുപോകുമ്പോഴറിയണം ഒരു നേരം പോലും വയർ നിറയ്ക്കാൻ വകയില്ലാത്തവരെക്കുറിച്ച്. അടുക്കള ജോലി ചെയ്തു നടുവൊടിഞ്ഞു എന്ന് പരിഭവിക്കുന്ന വീട്ടമ്മമാർ ഓർക്കണം  തീ പുകയാൻ അവസരം ലഭിക്കാത്ത അടുക്കളകളെക്കുറിച്ച്. അപ്പോൾ അവരൊക്കെ നന്ദി പറഞ്ഞുപോകും. നന്ദിപറയണംതാങ്ക്സ് എ തൗസന്റ ് എന്ന കൃതിയിൽ എ. ജെ ജേക്കബ്സ് പറയുന്നത് ജീവിതത്തിലെ തീരെ ചെറിയ കാര്യങ്ങളെയോർത്തും നാം അതിശയിക്കുകയും നന്ദി പറയുകയും ചെയ്യണമെന്നാണ്. അതിരാവിലെ കാപ്പികുടിക്കുമ്പോൾ ഓർമ്മിക്കണം ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഏതോ കാപ്പിത്തോട്ടത്തിൽ നിന്ന് ആരോ പറിച്ചെടുത്ത് ഉണക്കിപൊടിച്ച കാപ്പിപ്പൊടിയാണല്ലോ പലരുടെ കൈകളിലൂടെ കയറിയിറങ്ങി ഇപ്പോൾ തന്റെ കാപ്പിക്കപ്പിൽ അലിഞ്ഞുചേർന്നിരിക്കുന്നതെന്ന്. എന്തൊരു അതിശയമാണിക്കാര്യം. അതോർക്കുമ്പോൾ നന്ദി പറയാതിരിക്കാനാവുമോ? 

അതുപോലെ ഇലക്ട്രിസിറ്റിയുടെ പ്രസരണം, ഫോണിലൂടെ സംസാരിക്കാൻ കഴിയുന്നത്, ടിവിയിലെത്തുന്ന തരംഗങ്ങൾ… പറയാൻ ശാസ്ത്രീയമായ വിശദീകരണമൊക്കെ ഉണ്ടെങ്കിലും ആലോചിച്ചുനോക്കിയാൽ അതൊക്കെയും അത്ഭുതമല്ലേ. എന്റെ ചെറിയ മുറിയിലിരുന്ന് മൊബൈലിൽ ഞാൻ അമേരിക്കയിലുള്ള ഒരു സുഹൃത്തിനെ ഫോൺ ചെയ്യുമ്പോൾ അവന്റെ സ്വരം കേൾക്കാൻ കഴിയുന്നത്, അവനെ കാണാൻ കഴിയുന്നത് അത്ഭുതമല്ലേ? ഈ അത്ഭുതത്തെയോർത്ത് നന്ദി പറയാതിരിക്കാനാവുമോ? അതുകൊണ്ട് ഹാരീസ് വീണ്ടും പറയുന്നു ജീവിതത്തിലെ എല്ലാ അനുഭവങ്ങളിലും നന്ദി പ്രകാശിപ്പിക്കുക.

നന്ദിയുള്ളവരാകുമ്പോൾ അത് നല്ലൊരു ജീവിതത്തിന് തുടക്കമാകും.  ഈ ലേഖനം വായിക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയതിനെയോർത്ത്, അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിഞ്ഞതിനെയോർത്ത്, മനസ്സിലാക്കാൻ കഴിഞ്ഞതിനെയോർത്ത് നന്ദി പറയുക. എന്തിനേറെ ഇത് എഴുതി പൂർത്തിയാക്കാൻ എനിക്ക് സാധിച്ചതിനെയോർത്ത് ഞാനും നന്ദി പറയുന്നു. മറക്കരുത്, നന്ദിയുള്ള ജീവിതം നന്മയുള്ള ജീവിതമാണ്. അത് നല്ലൊരു ജീവിതത്തിലേക്കുള്ള വാതിലുകളാണ് നമുക്ക് തുറന്നുതരുന്നത്. അതുകൊണ്ട് എല്ലാവരോടും എല്ലാറ്റിനോടും നന്ദിയുള്ളവരായിരിക്കുക. നന്ദി.

More like this
Related

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ...
error: Content is protected !!