വഴിവിട്ട സൗഹൃദങ്ങള്‍ക്ക് വീണ്ടും ഇര

Date:

എല്ലാ ബന്ധങ്ങള്‍ക്കും ചില അതിരുകള്‍വേണം, അതിര്‍ത്തികളും. ലംഘിക്കാനല്ല ലംഘിക്കപ്പെടാതിരിക്കാന്‍. നീ ഇത്രയുംവരെയെന്നും ഞാന്‍ ഇത്രയും വരെയെന്നുമുള്ള ഉഭയസമ്മതപ്രകാരമായിരിക്കണം ഓരോ ബന്ധങ്ങളും നിര്‍വചിക്കപ്പെടേണ്ടത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ തങ്ങളുടെ ദാമ്പത്യബന്ധത്തിന് വെളിയില്‍ സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങള്‍ക്ക്. സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദങ്ങളെ വിലക്കേണ്ടതൊന്നുമില്ല. വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ അവര്‍ സൗഹൃദങ്ങളെ ഒഴിവാക്കേണ്ടതുമില്ല. പക്ഷേ അവിടെ മേല്‍്പ്പറഞ്ഞ വിധത്തിലുള്ള ചില തത്വദീക്ഷകള്‍ പാലിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ അതിരുകള്‍ മാഞ്ഞുപോകും, അതിര്‍ത്തികള്‍ ലംഘിക്കപ്പെടും.  ഫലമോ അനിഷ്ടകരമായ പലതും സംഭവിച്ചെന്നിരിക്കും. കാസര്‍ഗോഡുകാരിയായ അധ്യാപിക രൂപശ്രീയുടെ കൊലപാതകവുമായി  ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും സുഹൃത്തുമായ വ്യക്തി അറസ്റ്റ് ചെയ്തപ്പെട്ടു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ  വിചാരങ്ങളാണിവയൊക്കെ. ഒരേ തരംഗദൈര്‍ഘ്യമുള്ള വ്യക്തികള്‍ തമ്മില്‍ ഏതു സാഹചര്യത്തില്‍ കണ്ടുമുട്ടുമ്പോഴാണെങ്കിലും അവര്‍ക്ക്  ഒരുമിച്ചു മുന്നോട്ടുപോകാനുള്ള പ്രചോദനം ഉണ്ടാവുക സ്വഭാവികമാണ്.  പക്ഷേ അവയില്‍ മൂല്യനിരാസം സംഭവിക്കരുതെന്ന് മാത്രം. പരസ്പരമുള്ള സൗഹൃദങ്ങളെ കുടുംബത്തിന്റെ മൂല്യങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനും അതിലേര്‍പ്പെട്ടിരി്ക്കുന്നവര്‍ക്ക് കഴിയണം.

വെങ്കിട്ടരമണയ്ക്കും രൂപശ്രീക്കും കുടുംബമുണ്ടായിരുന്നു. ജീവിതപങ്കാളിയും മക്കളുമുണ്ടായിരുന്നു. എന്നിട്ടും അതിനെ അപ്രധാനീകരിക്കുന്ന വിധത്തിലുള്ള ബന്ധം അവര്‍ക്കിടയില്‍ ഉടലെടുത്തു. ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപ്രകാരം തങ്ങള്‍ക്കിടയിലേക്ക് മറ്റൊരു അധ്യാപകന്‍ കടന്നുവന്നതായുള്ള വെങ്കിടരമണയുടെ സംശയമാണ് ഈ ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചത്. സാമ്പത്തികമായ ഇടപാടുകളും മന്ത്രവാദവുമൊക്കെ മറ്റ് കാരണങ്ങള്‍. എങ്കിലും അടിസ്ഥാനപരമായി അവരെ ഒന്നിപ്പിച്ചത് വിവാഹബന്ധത്തിന് വെളിയിലുള്ള സൗഹൃദം തന്നെയായിരുന്നു. വഴിവിട്ട ബന്ധങ്ങളുടെയെല്ലാം അവസാനം ഇങ്ങനെയൊക്കെ തന്നെയെന്ന് പുറമേ നിന്ന് നമുക്ക് വിധിയെഴുതാമെങ്കിലും ഇരുവരുടെയും കുടുംബാംഗങ്ങളുടെ മാനസികാവസ്ഥയും അവര്‍ സമൂഹത്തില്‍ നേരിടേണ്ടിവരുന്ന അപമാനങ്ങളും മാനസികസമ്മര്‍ദ്ദങ്ങളും കൂടി നാം കാണേണ്ടിയിരിക്കുന്നു. ആ വേദനകളുടെ അളവുകളെ നിശ്ചയിക്കാന്‍ നമ്മുടെ അന്ധമായ വിധിയെഴുത്തുകള്‍ക്ക് സാധിക്കുകയുമില്ല.

 അധ്യാപനം എന്നത് പവിത്രമായ ജോലിയും അധ്യാപകര്‍  വെളിച്ചം പകര്‍ന്നുനല്കുന്നവരുമായിരുന്നു പണ്ടുകാലങ്ങളില്‍. അല്ലെങ്കില്‍ അത്തരമൊരു പദവി അറിഞ്ഞോ അറിയാതെയോ ആ ജോലിക്ക് ലഭിച്ചിരുന്നു. പക്ഷേ ഇന്ന് അധ്യാപനത്തിന്റെ വിശുദ്ധിയും അധ്യാപകര്‍ക്കുള്ള മഹത്വവും നഷ്ടമായിത്തുടങ്ങിയിരിക്കുന്നു.  മാന്യമായ ശമ്പളം കൈപ്പറ്റുന്ന ഒരു ജോലി എന്നതിന് അപ്പുറം കുട്ടികളോട് പ്രതിബദ്ധതയില്ലാത്ത ഒരു അധ്യാപകസമൂഹം ഇവിടെ വളര്‍ന്നുവരുന്നു എന്നത്  നടുക്കമുളവാക്കുന്ന യാഥാര്‍ത്ഥ്യമാണ്. വെങ്കിടരമണയെപോലെയുള്ള അധ്യാപകരില്‍ നിന്ന് എന്തുവെളിച്ചമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്? ആകസ്മികമായി ചെയ്ത ഒരു കുറ്റ കൃത്യമോ അവിചാരിതമായി സംഭവിച്ച പിഴവോ ആയിരുന്നില്ല രൂപശ്രീയുടെ മരണം. അത് ആസൂത്രിതമായിരുന്നു. അപ്പോള്‍ അത് നടക്കുന്നതിന് മുമ്പു തന്നെ അയാളുടെ മനസ്സില്‍ രൂപശ്രീ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. ജന്മനാ കുറ്റകൃത്യങ്ങളിലേക്കു മനസ്സ് തിരിഞ്ഞ ഒരാള്‍ക്ക് മാത്രമേ അങ്ങനെയൊരു കൊലപാതകം ചെയ്യാന്‍ കഴിയൂ. ചില കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയതുകൊണ്ടുമാത്രമോ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളതുകൊണ്ടു മാത്രമോ അധ്യാപനം എന്ന ജോലിക്ക് ഒരാള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹനാകുന്നില്ല. അയാളുടെ ബുദ്ധിനിലവാരം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരിക നിലയും. ഐക്യൂവിന് ഒപ്പം തന്നെ പ്രാധാന്യം ഇന്ന് ഇക്യൂവിനും നലകുന്നുണ്ട്. ഐക്യു ശ്രമിച്ചാല്‍ മെച്ചപ്പെടുത്താം. പക്ഷേ മോശപ്പെട്ട ഇക്യൂ ഒരിക്കലും മെച്ചപ്പെടുത്തിയെടുക്കാനാവില്ല. കര്‍ണ്ണന്റെ കവചകുണ്ഡലങ്ങള്‍ പോലെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നുകിടക്കുന്നവയാണ് അവ. ജന്മനാ അത്ആര്‍ജ്ജിച്ചിരിക്കുന്നവയാണ്. അത്തരക്കാര്‍ ഭാര്യയായാലും അമ്മയായാലും ഭര്‍ത്താവായാലും അധ്യാപകനായാലും അതേ രീതിയിലേ പ്രതികരിക്കൂ. പഴയകാല ചില അധ്യാപകരെ ഓര്‍മ്മയിലേക്ക് കൊണ്ടുവരൂ. പുസ്തകം വലിച്ചെറിയുന്നവര്‍.. അലറുന്നവര്‍.. കഠിനമായി ശിക്ഷിക്കുന്നവര്‍..ശപിക്കുന്നവര്‍.. ഇത്തരക്കാരൊക്കെ ഉണ്ടായിരുന്നില്ലേ? അവരെയൊരിക്കലും നല്ല അധ്യാപകരായി നമുക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുമോ.ഇല്ല വൈകാരികപക്വതയില്ലാത്തവര്‍. സ്വഭാവികമായ ദേഷ്യങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഇത് പറയുന്നത്. നല്ല രീതിയില്‍ അധ്യാപകര്‍വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും അവരുടെ വ്യക്തിജീവിതം, കുടുംബജീവിതം എന്നിവ കൂടി ജോലിയിലുള്ള നിയമനത്തിന് പരിഗണിക്കേണ്ട സാഹചര്യം എന്നെങ്കിലും നമ്മുടെ നാട്ടിലുണ്ടാവുമോ? നിശ്ചിതകാലത്തെ നിരീക്ഷണത്തിനും വിലയിരുത്തലിനും ശേഷം മാത്രം അധ്യാപകജോലിയിലുള്ള സ്ഥിരം നിയമനം എന്ന വ്യവസ്ഥ വന്നാല്‍ അത് ഭാവിയിലെ നമ്മുടെ കുട്ടികളുടെ മാനസികനിലയ്ക്കും സന്മാര്‍ഗ്ഗനിരതയ്ക്കും മൂല്യാധിഷ്ഠിതജീവിതത്തിനും വലിയൊരു മുതല്‍ക്കൂട്ടായിരിക്കില്ലേ? വിദ്യാര്‍ത്ഥികളെ ചിരിച്ച് മയക്കിയെടുക്കുന്ന അധ്യാപകരാകാതെ അവര്‍ക്ക് തങ്ങളുടെ ജീവിതം കൊണ്ട് പ്രകാശം നല്കുന്ന അധ്യാപകരാകുവാന്‍ വരുംകാലങ്ങളിലെങ്കിലും നമുക്ക് കഴിയട്ടെ.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ....

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്....

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ...

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍...

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു...
error: Content is protected !!