ഒരു അമ്മയ്ക്ക് എട്ടായിരുന്നു മക്കള്‍. എല്ലാ മക്കളെയും ഒരുപോലെസ്‌നേഹിക്കുമ്പോഴും ആ അമ്മയ്ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു മകനുണ്ടായിരുന്നു. അവരുടെ മൂത്തമകന്‍. ആറ്റുനോറ്റുണ്ടായതുകൊണ്ടും ആദ്യത്തെ കണ്‍മണിയായതുകൊണ്ടുമായിരിക്കാം ആ സ്‌നേഹക്കൂടുതല്‍. അല്ലെങ്കിലും പഴയകാല അമ്മമാര്‍ക്കൊക്കെ ഏറെ പ്രിയപ്പെട്ടവരായി ഒരു മകനോ മകളോ ഉണ്ടാകുന്നത് സാധാരണമാണ്. കാരണം അന്നത്തെ തലമുറയ്ക്ക് ഒ്ന്നിലധികം മക്കളുണ്ടല്ലോ. ഇന്നല്ലേ സ്‌നേഹിക്കാനും സര്‍വ്വതും വിട്ടുകൊടുക്കാനുമായി ഒരാള്‍ മാത്രമുള്ളത്? എട്ടുമക്കളില്‍ ഒരു മകനെ കൂടുതല്‍ സ്്‌നേഹിച്ചതുകൊണ്ട് ആ അമ്മയെ കുറ്റം പറയാനും കഴിയില്ല. പന്ത്രണ്ടു പേരെ മാത്രമായി ശിഷ്യരായി യേശു തിരഞ്ഞെടുത്തതുപോലും അത്തരമൊരു സ്‌നേഹക്കൂടുതല്‍ കൊണ്ടായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അവരല്ലാതെയും എത്രയോ ശിഷ്യന്മാര്‍ ക്രിസ്തുവിനുണ്ടായിരുന്നു. എന്നിട്ടും യാത്രകളില്‍ ഒപ്പം കൂട്ടിയതും അത്ഭുതങ്ങള്‍ക്ക് സാക്ഷിനിര്‍ത്തിയതുമൊക്കെ അവരെ മാത്രമായിരുന്നുവല്ലോ. എ്ന്നിട്ടും ആപന്ത്രണ്ടുപേരില്‍ ചിലരും കൂടുതല്‍ സ്‌നേഹിക്കപ്പെട്ടവരായി. യേശു സ്‌നേഹിച്ചിരുന്ന ശിഷ്യന്‍ എന്നൊക്കെ പേരുകേട്ട യോഹന്നാന്‍ ഒരു ഉദാഹരണം മാത്രം. പറഞ്ഞുവരുന്നത് അതല്ല ഒരു മകനെയോ മകളെയോ കൂടുതല്‍ പ്രിയപ്പെട്ടവനാകുന്നതില്‍ പഴയകാല അമ്മാരെയോ അപ്പന്മാരെയോ കുറ്റം പറയാനാവില്ല എന്നുതന്നെയാണ്. പക്ഷേ ചിലപ്പോഴൊക്കെ ഈ പ്രിയക്കൂടുതലും സ്‌നേഹക്കൂടുതലും ചില കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയും ചെയ്യും. ഈ കഥയിലെ അമ്മയ്ക്ക് സംഭവിച്ചതുപോലെ. അമ്മയുടെ ധാരണ ഈ മകനായിരിക്കും തനിക്ക്് കൂട്ടും തുണയുമായി എക്കാലവും കൂടെയുണ്ടാകുമെന്നാണ്. പക്ഷേ സംഭവിച്ചത് വിരുദ്ധമായിട്ടായിരുന്നു. തറവാടിന്റെ ഭാഗം വയ്പ്പ്് കഴിഞ്ഞതോടെ അമ്മയെ മൂത്തമകന്‍ ഇളയവന് സ്വന്തമായി നല്കി. അമ്മയെ സംബന്ധി്ച്ച് അതൊരുവലിയ ഷോക്കായിരുന്നു. അവനായിരിക്കും തന്റെ കൂടെയുണ്ടാകുമെന്ന് കരുതി സ്വപ്‌നം കണ്ടിട്ടും സംഭവിച്ചതോ.. പക്ഷേ ഇളയമകന്‍ തനിക്ക് കിട്ടിയ വലിയ നിധി പോലെയാണ് അമ്മയെ കണ്ടത്. അമ്മയുടെ മരണം വരെ അയാള്‍ പൊ്ന്നുപോലെ നോക്കുകയും ചെയ്തു. ഒടുവില്‍ മരണനേരത്ത് അമ്മ മകന്റെ കൈയ്ക്ക് പിടിച്ച് ഇങ്ങനെ പറഞ്ഞു, മോനേ എന്റെ ധാരണ തെറ്റിപ്പോയി. നിന്റെ ചേട്ടനെയാണ് ഞാന്‍ അധികമായി സ്‌നേഹിച്ചത്. അവനും എന്നെ അധികമായി സ്‌നേഹിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ..
ചില ധാരണകള്‍ അങ്ങനെയാണ്, തെറ്റിപ്പോകും. പ്രത്യേകിച്ച് ചില വ്യക്തികളെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍. ഏതെങ്കിലും ഒരു സാഹചര്യം കൊണ്ട് എന്നതിലേറെ നമ്മുടെ ഉള്ളിലെ സ്‌നേഹക്കൂടുതലോ സ്‌നേഹക്കുറവോ കൊണ്ട് ആണ് മറ്റൊരാളെക്കുറിച്ചു നാം പല ധാരണകളും വ്്ച്ചുപുലര്‍ത്തുന്നത്. ആ വ്യക്തി നമ്മെ സഹായിക്കും, സ്‌നേഹിക്കും. അവന്‍ നല്ലവനാണ്. അവന്‍ ചീത്തയാണ്. ജീവിതത്തില്‍ പലപ്പോഴും ചില ധാരണകളില്‍ പെട്ട് പോയിട്ടുള്ളവനാണ് ഇതെഴുതുന്ന ആളും. ചിലരുടെ ചില വാക്കുകളില്‍ നാം അമിതമായി വിശ്വസിച്ചുപോകും. അവരുടെ വാക്കുകളെ നാം ഹൃദയത്തോടു ചേര്‍ത്തുപിടിക്കും. സഹായിക്കുമെന്ന് കരുതിയവരില്‍ എത്രപേര്‍ നിങ്ങളില്‍ എത്ര പേരെ ഒരിക്കലെങ്കിലും സഹായിച്ചിട്ടുണ്ടാവും? സത്യം പറയട്ടെ ഒരുപാടുപേരെന്നെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ സഹായിച്ചിട്ടുണ്ട് പക്ഷേ സഹായിക്കുമെന്ന് എനിക്ക് ധാരണയുണ്ടായിരുന്ന ഒരാളും എന്നെ സഹായിച്ചിട്ടില്ല. സഹായിക്കാന്‍ സാധ്യതയില്ലെന്ന് കരുതിയവരും സഹായിക്കുമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചിട്ടില്ലാത്തവരുമായിരുന്നു എന്നെ എന്നും സഹായിച്ചിട്ടുള്ളത്. ധാരണകള്‍ പോലെ തന്നെ നമ്മെ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഒന്നാണ് മുന്‍വിധികള്‍. വളരെ പെട്ടെന്ന് തന്നെ നമ്മള്‍ ഓരോരുത്തരും ഓരോരുത്തരെയും കുറിച്ച് മുന്‍വിധികളിലെത്തുന്നു. അവന്‍ അങ്ങനെയാണ്. അവള്‍ അങ്ങനെയാണ്.
കുടുംബപ്രത്യേകതകളോ വേഷഭൂഷാദികളോ അപ്പിയറന്‍സോ ഒക്കെ കാരണമായിട്ടാകാം മുന്‍വിധികളുടെ കുരുക്കില്‍ വീണുപോകുന്നത്. ലുക്കില്ല എന്നേയുള്ളൂ പക്ഷേ ഭയങ്കര ബുദ്ധിയാ എന്ന് സലീം കുമാറിന്റെ ഒരു കഥാപാത്രം പറഞ്ഞത് ഓര്‍മ്മവരുന്നു. ലൂയിസ് പാസ്ചറെക്കുറിച്ചുള്ള ഒരു കഥ കേട്ടിട്ടില്ലേ. ഒരു തീവണ്ടിയാത്രയില്‍ അലസമായ വേഷം ധരിച്ചിരിക്കുന്ന അദ്ദേഹം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് കണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഒരു സംഘം അപമാനിക്കുന്നതും പിന്നീട് അവര്‍ വിഖ്യാതനായ ശാസ്ത്രജ്ഞനാണ് തങ്ങളുടെ മുമ്പിലിരിക്കുന്നതെന്ന് തിരിച്ചറിയുന്നതുമാണ് കഥ. മറ്റൊരു വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ ആദരവില്ലായ്മയും അജ്ഞതയുമാണ് ചിലപ്പോഴെങ്കിലും മുന്‍വിധികളില്‍ ഏര്‍പ്പെടാന്‍ കാരണമാകുന്നത്. ബോബിയച്ചന്‍ പറയുന്ന ഒരു കഥയില്ലേ ഒരു ആശ്രമത്തിലെ അംഗങ്ങളിലാരോ ഒരാള്‍ ദൈവദൂതനാണെന്ന് മനസ്സിലാക്കുന്നതും അതാരാണെന്ന് അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതും. അതുകൊണ്ടുതന്നെ അവര്‍ പരസ്പരം ഏറ്റവും ആദരവോടെയാണ് മറ്റെയാളെ സമീപിക്കുന്നത്, ഇടപെടുന്നത്. കാരണം ആരറിഞ്ഞു അത് ദേവദൂതന്‍ തന്നെയാണോയെന്ന്. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ ചിലപ്പോള്‍ തെറ്റിപ്പോകും. മറ്റ് ചിലപ്പോള്‍ അത് ശരിയുമായിരിക്കും. ്അങ്ങനെയും സംഭവിക്കാറില്ലേ. ഒരാളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം സ്വന്തം ഹൃദയത്തിന്റെ ഉപദേശമാണ്. പുരപ്പുറത്തിരിക്കുന്നവരോടോ അകലെങ്ങളിലായിരിക്കുന്നവരോടോ ഒരാളെക്കുറിച്ച് അറിയാന്‍ നാം ഉപദേശം തേടേണ്ടതില്ല. മറിച്ച് ഇത്തിരി ധ്യാനവും ഇത്തിരി വിവേകവും ഇത്തിരി ജ്ഞാനവുമുണ്ടെങ്കില്‍ മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ തെറ്റിപ്പോകുകയില്ലെന്ന് തോന്നുന്നു.കാരണം അവിടെ ദൈവമാണ് നമ്മുക്ക് വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. എത്രയോ വര്‍ഷം ഒരുമിച്ചുകഴിഞ്ഞിട്ടും ചിലരൊക്കെ നമ്മുടെ ധാരണകളുടെ പുറത്താണ് ജീവിക്കുന്നത്. അല്ലെങ്കില്‍ ധാരണകളെ തിരുത്തുന്ന വിധത്തിലാണ് അവരില്‍ നിന്ന് അനുഭവമുണ്ടാകുന്നത്. ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയവരോ അല്ലാത്തവരോ ആരുമായിരുന്നുകൊള്ളട്ടെ
ധാരണകളും മുന്‍വിധികളും കൂടാതെ ഇടപെടുക. നമുക്കറിയില്ലല്ലോ നാളെ അവരില്‍ എത്ര പേരുടെ സഹായം നമുക്ക് സ്വീകരിക്കേണ്ടതായി വരുമെന്ന്..ആരില്‍ നിന്നെല്ലാമാണ് നാളെ നാം കടപ്പാടു കൈപ്പറ്റേണ്ടതായിട്ടുണ്ടാവുകയെന്ന്.. അതുകൊണ്ട് ആരെയും നിസ്സാരരായി കാണാതിരിക്കുക. ധാരണകള്‍ വെറും മാനുഷികമായി നടത്താതെ ദൈവികമായി കണ്ടെത്തുക. മുന്‍വിധികള്‍ ബാഹ്യരൂപങ്ങള്‍ കൊണ്ട് വിലയിരുത്താതിരിക്കുക.
വിനായക്