മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ഊഴംകാത്തുനില്ക്കുന്ന നാം എത്രത്തോളം നമ്മെ അംഗീകരിക്കുന്നുണ്ട്? മറ്റുള്ളവരുടെ സൗന്ദര്യം, കഴിവ്,പദവി തുടങ്ങിയ കാര്യങ്ങളോർത്ത് അത്ഭുതം കൊള്ളുന്ന നമുക്ക് സ്വന്തം കഴിവുകളെ പ്രതി എത്രത്തോളം അഭിമാനവും സന്തോഷവും തോന്നിയിട്ടുണ്ട്?
ആദ്യം അവനവനെ അംഗീകരിക്കുക. ആദരിക്കുക. സ്വയമൊന്ന് ചിന്തിച്ചുനോക്കൂ, മറ്റുള്ളവർക്കില്ലാത്ത എത്രയോ അധികം കഴിവുകൾ എന്നിലുണ്ട്! കൊള്ളാം നീ മിടുക്കൻ എന്ന് നമ്മളിൽ ആരെങ്കിലും അതേക്കുറിച്ചു പറഞ്ഞിട്ടുണ്ടോ? നല്ലവാക്കുകൾ മറ്റുള്ളവർക്ക് അറിഞ്ഞോ അറിയാതെയോ മനസ്സുനിറഞ്ഞോ അല്ലാതെയോ പറയുന്ന നാം നമ്മെ അത്രകണ്ട് പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ട് നാം ഇന്നുമുതൽ നമ്മെ മാനിക്കുക. ആദരിക്കുക. സ്വന്തം കഴിവിൽ അഭിമാനിക്കുക. അഹങ്കാരമാകാത്തവിധത്തിൽ ആത്മാഭിമാനം ഉള്ളവരായിരിക്കുക
ആരോഗ്യത്തിൽ ശ്രദ്ധിക്കുകയാണ് മറ്റൊരു കാര്യം. ആരോഗ്യമുളള ശരീരവും ആരോഗ്യമുള്ള മനസ്സും തമ്മിൽ ബന്ധമുണ്ട്. സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധകൊടുക്കുന്നവരാകുക. ഓരോ വ്യക്തികളുടെയും ശാരീരികപ്രത്യേകതകൾ വ്യത്യസ്തമാണ്. മറ്റുള്ളവരുടെ ആകാരവും നിറവും ഫീച്ചേഴ്സും നമുക്ക് കൂടുതൽ ആകർഷകമായിത്തോന്നാം. പക്ഷേ അത് അവരുടേതാണ്. നമുക്ക് നമ്മുടെ ശരീരത്തിന് മേൽ മാത്രമേ നിയന്ത്രണവും അവകാശവുമുള്ളൂ. അതുകൊണ്ട് നമ്മുടെ ശരീരത്തെ സ്നേഹിക്കുക. ഈ ലോകത്തിൽ മറ്റാർക്കും ഇല്ലാത്തവിധത്തിലുള്ള ഉടലും അവയവങ്ങളും പ്രത്യേകതകളും നിറഞ്ഞതാണ് എന്റെശരീരം എന്ന തിരിച്ചറിവോടെയായിരിക്കണം ശരീരത്തെ സ്നേഹിക്കേണ്ടത്. മതിയായ വിശ്രമം,ഉറക്കം, ഭക്ഷണക്രമം ഇതൊക്കെ ശരീരത്തിനാവശ്യമായവയാണ്.