തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള തിരികെ നടത്തമാണ് പുസ്തകത്തിലുടനീളം. അങ്ങനെയാണ് ഓർമ്മകൾ ഇവിടെ ഉപ്പിലിട്ടതാകുന്നത്. ഓർമ്മകൾ ഇല്ലാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ എത്രത്തോളം ഓർമ്മകൾ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട് എന്നതാണ് പ്രധാനം. ഉപ്പ് രുചിക്കുവേണ്ടി മാത്രമുള്ളതല്ല കേടാകാതെ സൂക്ഷിക്കുന്നതിനും വേണ്ടിയുള്ളവയാണ്. ഓർമ്മകൾ കെട്ടുപോകാതെ സൂക്ഷിക്കണമെന്നതാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയം. ഉപ്പിലിട്ട ഓർമ്മകൾക്ക് മധുരമല്ല ചവർപ്പോടുകൂടിയ രുചിയാണെന്നതും മറന്നുപോകരുത്. അതുകൊണ്ടാണ് ഉപ്പിലിട്ട ഈ ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ ചിലപ്പോഴെങ്കിലും നമ്മുടെ ഹൃദയത്തിന് പരിക്കേല്ക്കുന്നതും നെടുവീർപ്പുകളുയരുന്നതും. സെക്യൂരിറ്റിയും അപ്പനും കള്ളൻസാബുവും അന്നമ്മ ടീച്ചറും യാത്രയ്ക്കിടയിൽ പരിചയപ്പെട്ട റോയയുമൊക്കെ മായാതെ നില്ക്കുന്നത്. ഉപ്പിലിട്ട ഓർമ്മകളിൽ തന്റെജീവിതപരിസരവും അവിടെയുള്ള സാധാരണക്കാരായ മനുഷ്യർ മുതൽ കണ്ട സിനിമകളും വായിച്ച പുസ്തകങ്ങളും വരെ കടന്നുവരുന്നു എന്നിടത്താണ് ഓർമ്മകൾ ഉപ്പിലിട്ടതിന്റെ ചക്രവാളം വികസിക്കുന്നത് വൈയക്തികാനുഭവങ്ങൾക്കപ്പുറത്തേക്ക് ഈ പുസ്തകം ഉയരുന്നത് അങ്ങനെയാണ്. ചുരുക്കത്തിൽ ഹൃദ്യമായ ഒരു വായനാനുഭവം തന്നെയാണ് ഇത് സമ്മാനിക്കുന്നത്.
‘ഓർമ്മകൾ’ അവസാനിക്കരുതേ എന്നാണ് പ്രാർത്ഥന. ഓർമ്മകൾ ഇല്ലാതായാൽ ഞാൻ ഇല്ലാതാകും. എന്നെ ഞാനാക്കുന്നത് ഓർമ്മകളാണ്. ഓർമ്മകൾ ഇല്ലെങ്കിൽ ഒരുപക്ഷേ എനിക്കൊരു സന്തോഷമുള്ള ജീവിതം ഉണ്ടോ എന്നു സംശയമാണ്. ഒന്നു കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മകളാണ്. അതിൽ സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ട്. പക്ഷേ ‘ഓർമ്മകൾ അങ്ങനെ തന്നെ നില്ക്കുന്നത് നല്ലതാണ്’ എന്ന ഗ്രന്ഥകാരന്റെ വാക്കുകൾ തന്നെയായിരിക്കും പുസ്തകം വായിച്ചവസാനിപ്പിക്കുമ്പോൾ വായനക്കാരന്റെ മനസ്സിലുണ്ടാകുന്ന വിചാരവും.
ഓർമ്മകൾ ഉപ്പിലിട്ടത്
ബിബിൻ ഏഴുപ്ലാക്കൽ
പ്രവദ ബുക്സ്, വില: 170
കോപ്പികൾക്ക്: 9400294893