ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ പാട്ടുപാടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറുപടിയെന്നോണം മൂളിക്കൊണ്ടിരിക്കുന്നതായും? ഇതിലൊക്കെ എന്താണിത്ര ശ്രദ്ധിക്കാൻ എന്നായിരിക്കും ചോദ്യം. പക്ഷേ ഇക്കാര്യങ്ങൾ വ്യക്തമായ ചില സൂചനകളോ രഹസ്യങ്ങളോ അനാവരണം ചെയ്യുന്നുണ്ടെന്നാണ് മനശ്ശാസ്ത്രം പറയുന്നത്. പരിഭ്രാന്തിയും ഉത്കണ്ഠയും ഉള്ളവരാണത്രെ ഇത്തരത്തിൽ മൂളുകയും പാടുകയും ചെയ്യുന്നത് എന്നാണ് മനശ്ശാസ്ത്രവിദഗ്ദരുടെ അഭിപ്രായം.
തീർന്നില്ല. വേറെയും ചില വ്യക്തിത്വസവിശേഷതകൾ നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും അനാവരണം ചെയ്യുന്നുണ്ട് എന്നും അവർ പറയുന്നു. പുഞ്ചിരിയോടെയല്ലാതെ അവനെ/അവളെ കണ്ടിട്ടില്ല എന്ന് പലരെക്കുറിച്ചും നമ്മൾ പറയാറില്ലേ? എന്നാൽ ആ ചിരിയിലൊക്കെ ചില സങ്കടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഏതെങ്കിലുമൊക്കെ പ്രശ്നങ്ങളോ സങ്കടങ്ങളോ ഉള്ളിൽകൊണ്ടുനടക്കുന്നവരാണത്രെ എപ്പോഴും പുഞ്ചിരിയോടെ കാണപ്പെടുന്നത്. സെലിബ്രിറ്റികളായ വ്യക്തികളെ ഓർമ്മിക്കുക. അവരെ പുഞ്ചിരിയോടല്ലാതെ നാം കാണാറില്ല. പക്ഷേ ഏതൊക്കെവിധത്തിലുള്ള പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് അവർക്കുമാത്രമേ അറിയൂ. സമീപകാല കേരളരാഷ്ട്രീയത്തിൽ ആരോപണവിധേയരായ ചില വ്യക്തികൾ മാധ്യമങ്ങളോട് സംസാരിച്ച ചിത്രം ഓർക്കുന്നില്ലേ? ഒരു ആരോപണവും തങ്ങളെ ബാധിക്കുന്നില്ല എന്ന വിധത്തിലാണ് അവർ പ്രതികരിക്കുന്നതും പുഞ്ചിരിക്കുന്നതും. പക്ഷേ അവരുടെ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളോ…
ചിലർക്ക് എത്രതവണ സോറി പറഞ്ഞാലും മതിയാവില്ല. വീണ്ടുംവീണ്ടും അവർ സോറി പറഞ്ഞുകൊണ്ടേയിരിക്കും. ഇത്തരക്കാരെക്കുറിച്ച് മനശ്ശാസ്ത്രവിദഗദർ പറയുന്നത് അവർ കൂടുതലായി സമാധാനം ആഗ്രഹിക്കുന്നവരാണെന്നാണ്. എത്ര പറഞ്ഞിട്ടും സോറി മതിയാവാത്തതുപോലെ സോറി പറയുമ്പോൾ മറ്റുള്ളവരെക്കാൾ കൂടുതലായി ആന്തരികസമാധാനം അവർ ആഗ്രഹിക്കുന്നുണ്ടത്രെ. മറ്റൊരാളോട് നോ എന്നു പറയാൻ ആഗ്രഹിക്കാത്തവരും അങ്ങനെ പറയാത്തവരുമായ ചിലരുണ്ട്. അതിനുമുണ്ട് ഒരു ശാസ്ത്രം. നോ പറഞ്ഞാൽ മറ്റുള്ളവർ തന്നെക്കുറിച്ച് എന്തുവിചാരിക്കും എന്ന് ആശങ്കപ്പെടുന്നവരായതുകൊണ്ടാണ് അവർ നോ പറയാൻ മടിക്കുന്നത്. നോ പറയാതിരിക്കുമ്പോൾ താൻ അവരാൽ കൂടുതലായി സ്നേഹിക്കപ്പെടുന്നുവെന്നും അവർ വിശ്വസിക്കുന്നു. അതായത് മറ്റുള്ളവർ തങ്ങളെ കൂടുതൽ ഇഷ്ടപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് നോ പറയാത്തത്. ചിലർക്ക് ഒറ്റയ്ക്കിരിക്കാൻ ആഗ്രഹമുണ്ട്. അല്ലെങ്കിൽ തങ്ങൾ ഏകാന്തത ഇഷ്ടപ്പെടുന്നവരാണെന്നാണ് അവർ പറയുന്നത്. ഇത് ശരിയാണോ? അല്ല. തങ്ങളെ ആരും മനസ്സിലാക്കുന്നില്ല എന്ന് വിശ്വസിക്കുന്നവരാണ് ഒറ്റയ്ക്കായിപ്പോകുന്നതും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നതും.