എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ പറയുന്നത് കോവിഡുണ്ടാക്കിയ പരിക്കിൽ നിന്ന് ലോകം പുറത്തുകടക്കണമെങ്കിൽ 25 വർഷമെടുക്കുമെന്നാണ്. അല്പം പോലും അതിശയോക്തിപരമല്ല ഇത്. കാരണം മനുഷ്യന് അത്രത്തോളം പരിക്കുപറ്റിയിട്ടുണ്ട്.
പുതിയ നിയമത്തിൽ ഏറ്റവും ഹോപ്പ് നല്കുന്ന ഒരുവാക്കിനെക്കുറിച്ചു ധ്യാനിക്കാം. പ്രളയമെന്ന് പറയുന്ന ഒരുസംഗതിയൊക്കെയുണ്ട്. ക്രിസ്തുവിന്റെ മരണമാണ് ഇത് അത്രത്തോളം കടലെടുത്ത മറ്റൊരു സംഗതിയുമില്ല. കുറച്ചുചെറുപ്പക്കാരും പാവപ്പെട്ട മനുഷ്യരുമെല്ലാം തങ്ങളുടെ സ്നേഹവും ശ്രദ്ധയും പ്രതീക്ഷയുമെല്ലാം ഒരു ചെറുപ്പക്കാരനിൽ ഡിപ്പോസിറ്റ് ചെയ്തു. പെട്ടെന്നൊരു ദിവസം അയാൾ ഇല്ലാതാവുകയാണ്. പുറത്ത് ഒന്നും ഇല്ലാതാവുന്ന അവസ്ഥ. എന്നിട്ടും ഇത് അവസാനിക്കുന്നത് വലിയ ഒരു ഉയിർപ്പിന്റെ ദൂതിലാണ്. ആ ഉയിർപ്പിന്റെ ദൂതുമായി ബന്ധപ്പെട്ട് പുതിയ നിയമം പറയാൻ ശ്രമിക്കുന്ന വാക്കാണ് മൂന്നാംപക്കം. ലോകഭാവനയിൽ ഏറ്റവും പ്രത്യാശയുള്ള വാക്കാണ് അത്. മൂന്നാം ദിവസം. എല്ലാ പ്രളയത്തിന് ശേഷവും ഒരു തേർഡ് ഡേ ഉണ്ടാവും, 24,24,24 എന്ന് മണിക്കൂറുകൾ കൂട്ടിപ്പറയുന്നതല്ല തേർഡ് ഡേ. ഒരു കൺസ്ട്രബിൾ എമൗണ്ട് ഓഫ് ടൈം. മനുഷ്യന് ബുദ്ധിമുട്ടാനും വിഷമിക്കാനും സഹിക്കാനും അലയാനും വേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഒരുകാലം. അതിന് ശേഷം ഭംഗിയുളള ഒരു കാര്യം സംഭവിക്കുന്നു എന്ന വിചാരത്തിന്റെ പേരാണ് തേർഡ് ഡേ. വേദപുസ്തകത്തിൽ ഈ വാക്ക് ആദ്യം പ്രയോഗിച്ചുകേൾക്കുന്നത് പഴയനിയമത്തിലെ ഹോസയാ പ്രവാചകനിൽ നിന്നാണ്. അവിടുന്ന് നമ്മെ മരിക്കാൻ വിട്ടുകൊടുത്താലും മൂന്നാംദിനം ഉയിർപ്പിക്കും എന്നാണ് ഹോസിയ പറയുന്നത്. സ്വന്തം ജീവിതത്തിൽ പ്രതീക്ഷയ്ക്ക് ഒരു കാരണവുമില്ലാത്ത ഒരു മനുഷ്യനാണ് ഇത് പറയുന്നത്. മറ്റ്പ്രവാചകന്മാരിൽ നിന്നെല്ലാം ഇയാൾ വ്യത്യസ്തനാണ്.
ഇയാൾ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ദൈവം പറയുന്നു നീ കല്യാണം കഴിക്കേണ്ട പെൺകുട്ടിയെ ഞാൻ കാണിച്ചുതരാം. എന്നിട്ട് ഇയാളെയും കൈയ്ക്കുപിടിച്ച് ആ നഗരത്തിന്റെ ഊടുവഴികളിലൂടെ കൊണ്ടുപോയി ആ ദേശത്ത് ഏറ്റവും ലിബറലായി ജീവിക്കുന്ന ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി അല്ലെങ്കിൽ ഗണികയെ ചൂണ്ടിക്കാട്ടി പറയുന്നു ഇവളെ വിവാഹം കഴിക്കുക എല്ലാവരും അവരവരുടെ ജീവിതത്തിൽ ആഗ്രഹിക്കുന്നത് തങ്ങളെക്കാൾ കുറച്ചുകൂടി നല്ല മനുഷ്യർക്കൊപ്പം ജീവിക്കാനാണ്.അത് എല്ലാ മനുഷ്യരുടെയും ബേസിക്കായ സങ്കല്പവും കൂടിയാണ്. എന്നിട്ട് അതുപോലും ഇല്ലാതെ പോയ ഒരു ചെറുപ്പക്കാരന്റെ പേരാണ് ഹോസിയ. ഈ പ്രതീക്ഷയില്ലാത്ത മനുഷ്യനാണ് വിശ്വഭാവനയ്ക്ക് ഏറ്റവും മനോഹരമായ ഒരു വാക്ക് കൊടുക്കുന്നത് മൂന്നാം ദിവസം.
ലോകത്തിന്റെ പ്രതീക്ഷയെ നിലനിർത്താൻവേണ്ടി നമ്മൾ സക്സസ്ഫുൾ ആയ മനുഷ്യരായിത്തീരണമെന്നില്ല. മുറിവേറ്റ മനുഷ്യർക്കും തോറ്റമനുഷ്യർക്കും കൂട്ടയോട്ടങ്ങളിൽ എങ്ങും എത്താതെപോയ മനുഷ്യർക്കും ഒക്കെ ഇപ്പോഴും പ്രതീക്ഷയെക്കുറിച്ച് പറയാൻ കഴിയും. അത് വലിയൊരു സമാധാനമാണ്. പുതിയ നിയമത്തിൽ മൂന്നാം ദിവസം എന്ന വാക്കിന് വല്ലാത്തൊരു മുഴക്കമുണ്ട്. ഒരു പ്രതീക്ഷയുമില്ലാത്ത സ്നേഹമാണ് പുതിയ നിയമത്തിലെ മൂന്നാം ദിവസം. യഹൂദർ വിചാരിച്ചിരുന്നു ഒരാൾ മരിച്ചുകഴിയുമ്പോൾ ഒരു മൂന്നുദിവസം കഴിയുമ്പോഴേക്കും ഈ ശരീരം പതുക്കെപതുക്കെ പൊടിഞ്ഞുതുടങ്ങും. പിന്നെ അയാളിൽ നിന്ന് ആഗ്രഹിക്കാൻ ഒന്നുമുണ്ടാവില്ല. ലാസറിന്റെ സമാധിയിൽ വരുമ്പോൾ അയാളുടെ പെങ്ങന്മാർ യേശുവിനോട് പറഞ്ഞതും അതുതന്നെയാണല്ലോ മൂന്നുദിവസം കഴിഞ്ഞിരിക്കുന്നു. അതിന്റെ അർത്ഥം ഏതെങ്കിലും തരത്തിൽ തിരിച്ചുവരാനുള്ളസമയം കഴിഞ്ഞിരിക്കുന്നു. ഇനിയൊന്നും ഇല്ല എന്നാണ്.കുറച്ചുകൂടി ഇക്കാര്യം മനസ്സിലാവാൻ നമുക്ക് ദ്രൗപദിയുടെ വസ്ത്രാക്ഷേപകഥയെടുത്താൽ മതി. അഞ്ചരമുഴം നീളമുള്ള ഒര ുചേലത്തുമ്പില് ഒരു മനുഷ്യൻ പിടിക്കുമ്പോഴേയ്ക്കും എത്ര നിമിഷാർദ്ധം കൊണ്ട് അവൾ അപമാനിതയാകും എന്ന് മനസ്സിലാക്കാനായി ഇത്തിരി ബുദ്ധിമതി. വരാൻ പോകുന്ന ദുര്യോഗത്തെയോർത്ത് അവൾ ഇങ്ങനെ കണ്ണുപൂട്ടി വിറങ്ങലിച്ചുനില്ക്കുമ്പോൾ അഞ്ചരമുഴം ചേല തീരുന്നിടത്തുനിന്ന് ആരോ അവളെ ചുറ്റാൻതുടങ്ങി. എത്ര അഴിച്ചിട്ടും അഴിക്കുന്നവർ തളരുന്നതല്ലാതെ അങ്കി തീരുന്നില്ല. ഒരു സ്‌കെച്ച് പെൻ എടുത്തിട്ട് അവിടെയൊരു ഇന്റു മാർക്ക് ചെയ്യാൻ പറ്റുമെങ്കിൽ അവിടെ വിളിക്കാവുന്ന പേരാണ് തേർഡ് ഡേ. മനുഷ്യസഹജമായിനോക്കുമ്പോൾ ഒന്നും സംഭവിക്കുന്നില്ല. ഒരു സാധ്യതയുമില്ല. പക്ഷേ അവിടുത്തെ കരം പ്രവർത്തനനിരതമാകും എന്ന് പറയുന്നതിന് പറയുന്ന പേരാണ് തേർഡ് ഡേ.
എല്ലാം പൂർണ്ണമായി ഇല്ലാതായി ഒന്നിലും ആശിക്കാൻ ഒന്നുമില്ലാതെയാകുമ്പോൾ എന്തോ ചില കാര്യങ്ങൾക്കുവേണ്ടി തളിർപ്പുണ്ടാകുന്നു. അതാണ് മൂന്നാം ദിവസം.പുതിയ നിയമത്തിൽ അഞ്ചു തവണ മൂന്നാംപക്ക സൂചനകളുണ്ട്. ഹോപ്പ്ലെസ് സിറ്റുവേഷനാണ്,പ്രളയങ്ങളാണ്. അതിൽ ഒന്നാമത്തേത് ഒരു കുട്ടിയെ കൈവിട്ടുപോകുന്ന് മൂന്നാം ദിവസമാണ്. കിട്ടില്ലെന്ന് തന്നെയാണ് കരുതിയത്. ഒരു ഉത്സവപ്പറമ്പിൽ ഒരു കുട്ടിയെ കളഞ്ഞിട്ട് കിട്ടുക എന്ന് പറയുന്നത് അസാധ്യമാണ്, ഏതുകാലത്തും. കുംഭമേളയിലൊക്കെ കൈവിട്ടുപോകുന്ന കുഞ്ഞുങ്ങളുടെ സ്റ്റാറ്റിറ്റ്ക്സ് വായിച്ചെടുക്കാവുന്നതേയുള്ളൂ. പരിഭ്രമത്തിനിടയിൽ ഈ കുഞ്ഞുങ്ങൾസ്വന്തം പേരുപോലും മറന്നുപോകും. ലോകത്തോട് പറയേണ്ട, അവനവന്റെ പരിസരത്തോട് മന്ത്രിക്കേണ്ട ഒന്നാമത്തെ ഹോപ്പ് കൈവിട്ടുപോയ എല്ലാ ബന്ധങ്ങളും നമുക്ക് തിരിച്ചുപിടിക്കാൻ പറ്റും എന്നതാണ്.
മേരിയും ജോസഫും വിചാരിക്കുന്നത് ഒരിക്കലും കിട്ടില്ലെന്നാണ്. കുരിശിൻചുവട്ടിൽ പോലും സംഭ്രമിക്കാത്ത മേരി ഇവിടെ വല്ലാതെ പരിഭ്രമി്ച്ചുപോയെന്നാണ് പറയുന്നത്.ഇത്തിരി പുറകോട്ട്പോകാൻ തയ്യാറാണെങ്കിൽ കൈവിട്ടുപോയ എല്ലാ ബന്ധങ്ങളും നിങ്ങൾക്ക് തിരിച്ചുപിടിക്കാൻ കഴിയും. back home. പുറകോട്ടുപോകുക എന്നതിന് വല്ലാത്തൊരു വിനയംആവശ്യമുണ്ട്. ചിലപ്പോൾ ചില ഏറ്റുപറച്ചിലുകൾ ആവശ്യമുണ്ട്, മാപ്പ് പറച്ചിൽ ആവശ്യമുണ്ട്.പക്ഷേ തിരിച്ചുപിടിക്കാൻ പറ്റും.
വെള്ളം വീഞ്ഞാകുന്ന മൂന്നാം ദിവസമാണ് മറ്റൊന്ന്. അനോയന്റഡാകുക എന്നതിന് വിളിക്കുന്ന പേരാണ് വീഞ്ഞാകുക എന്നത്. ജീവിതം റോബോട്ടിക് ആകുന്നു എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിയാണ്. തൊഴിൽ മാത്രമാണ് നമ്മുടെ ഇപ്പോഴത്തെ മാനദണ്ഡം. അനുബന്ധ ഘടകങ്ങൾക്കൊന്നും വേണ്ടത്ര ശ്രദ്ധയോ ഏകാഗ്രതയോ ആകാത്തവിധത്തിൽ തൊഴിലുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് നമ്മൾ. ഇവിടെ സംഭവിക്കുന്നത് ചെയ്യുന്ന കാര്യങ്ങൾ യാന്ത്രികമാകും എന്നതാണ്.യാന്ത്രികമാകുന്ന ജീവിതത്തിലേക്ക് ആത്മാവ് വരുന്നു എന്നതാണ് രണ്ടാമത്തെ മൂന്നാംപക്കം.വെള്ളം വീഞ്ഞാക്കുക എന്ന് പറയുന്നതിന്റെ അർത്ഥം ആത്മാവില്ലാത്ത ഒരു അവസ്ഥയിലേക്ക് പുതിയ അനുഭൂതി കടന്നുവരുന്നു എന്നതാണ് കുട്ടികളെ കളിപ്പിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും സഹശയനം നടത്തുമ്പോഴും പ്രാർത്ഥിക്കുമ്പോഴുമെല്ലാം ആത്മാവ് ആവശ്യമുണ്ട്. സോൾഫുള്ളാകുക എന്നതാണ് രണ്ടാമത്തെ മൂന്നാംപക്കം.
മൂന്നാമത്തെ മൂന്നാംപക്കം യേശുപള്ളിമുറ്റത്ത് നില്ക്കുകയാണ്. നിങ്ങൾ ഈ ദേവാലയം തകർക്കുക. ഞാൻ മൂന്നാംദിവസം പുനർനിർമ്മിക്കാം. കേൾവിക്കാർ ചോദിച്ചു, 46 സംവത്സരം കൊണ്ട പണിത പള്ളിയാണ് ഇത്. പിന്നെയെങ്ങനെയാണ് നീ മൂന്നുദിവസം കൊണ്ട് പുനഃനിർമ്മിക്കാൻ പോകുന്നത് വളരെ വ്യക്തമായി യോഹന്നാൻ അത് രേഖപ്പെടുത്തിയിിരക്കുന്നത് ഇങ്ങനെയാണ്. തന്റെ ശരീരമാകുന്ന ആലയത്തെക്കുറിച്ചാണ് അവൻ അത് പറഞ്ഞതെന്ന് അവർക്ക് മനസ്സിലായില്ല.ശരീരത്തെ ക്ഷേത്രമായി കണ്ടെത്താൻ കഴിയുന്നതാണ് ഈ മൂന്നാമത്തെ മൂന്നാംപക്കം. പല കാരണങ്ങളുടെ മീതെ ഈ ശരീരത്തിന് ഒരു ഡെസക്രേഷൻ സംഭവിച്ചിട്ടുണ്ട്. ശരീരവുമായി ബന്ധപ്പെട്ട ഭാവനകൾക്ക് ഭംഗിയില്ല. ഏറ്റവും അധികംപാളുന്ന ഒരിടം എന്ന് പറയുന്നത് ശരീരമാണ്. അതിന്റെ ക്ഷേത്രപവിത്രതയെ വീണ്ടെടുക്കുന്നതാണ് മൂന്നാമത്തെ മൂന്നാംപക്കം.
എന്റെ ജീവിതം കൊണ്ട് അവിടുന്ന് എന്താണാഗ്രഹിക്കുന്നത് എന്നറിയാനുള്ള മൂന്നാംപക്കമാണ് നാലാമത്തെ മൂന്നാംപക്കം യോനായുടെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്.ജീവിതത്തിന്റെ പർപ്പസ് നഷ്ടമാവുക. എങ്ങനെയാണ് ഒരാളുടെ ജീവിതത്തിന് പർപ്പസ് ഉണ്ടെന്ന് പിടുത്തം കിട്ടുന്നത്? അയാൾ മടങ്ങിപ്പോയിക്കഴിയുമ്പോൾ അയാൾ പാർത്ത ഇടങ്ങളും ചേർത്തുപിടിച്ച മനുഷ്യരും അയാൾക്ക് കിട്ടിയതിനെക്കാൾ ഭംഗിയുള്ള ഇടങ്ങളും മനുഷ്യരുമായി മാറിയിട്ടുണ്ടാവും അതിനെ വിളിക്കുന്ന പേരാണ് പർപ്പസ്.
എത്ര മോശപ്പെട്ട സാഹചര്യങ്ങളിലും നമുക്ക് പ്രസാദാത്മകമായി ചിലതു വച്ചിട്ടുപോകാൻ കഴിയും.എന്റെ ജീവിതം കൊണ്ട് അവിടുന്ന് എന്താണാഗ്രഹിക്കുന്നത്?യോനായെ ജീവിതത്തിന്റെ പർപ്പസ് അന്വേഷിച്ച മനുഷ്യൻ എന്ന നിലയിലാണ് നാം കാണേണ്ടത്.
അവസാനമായി ഈസ്റ്റർ എന്ന മൂന്നാംപക്കം. ഒരുപാട് മരണങ്ങൾ നാം കാണേണ്ടതായി വരും. നോക്കിനില്ക്കുമ്പോൾ ഓരോരുത്തരായി ഇങ്ങനെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോവുകയാണ്. പിന്നെ പതുക്കെപ്പതുക്കെ മരണഭീതി നമ്മെയും തേടിവരും. വേദപുസ്തകം അതാണ് പറയുന്നത്.
പുലരിയിൽ സ്ത്രീകൾ ഇങ്ങനെ ഓടിപ്പോവുകയാണ്, അവരുടെ ജീവിതത്തിൽ ഏറ്റവും വലിയ പ്രളയം സംഭവിച്ചിട്ടുണ്ട്. എല്ലാം അയാളിൽ നിക്ഷേപിച്ചതാണ്, ബൈപ്പാസ് ചെയ്യപ്പെട്ട ജന്മമായിരുന്നു അവരുടേത്. അയാൾ അവർക്ക് സ്നേഹം കൊടുത്തു. മറ്റ് പുരുഷന്മാരുടെ സ്നേഹമെല്ലാം ഇന്ദ്രിയപരമായിരുന്നു. ആ സമരിയാക്കാരി സ്ത്രീ അത്ഭുതപ്പെട്ടതുപോലെ ഇവന്റെ കയ്യിൽ തൊട്ടിയുമില്ല ചരടുമില്ല. ഇന്ദ്രിയങ്ങളുടെതൊട്ടിയും ചരടുമില്ലാതെ ഈ സ്ത്രീകളുടെ ജീവിതത്തെ സമ്പന്നമാക്കിയവന്റെ പേരായിരുന്നു നസ്രത്തിലെ യേശു.
അയാളിങ്ങനെ നോക്കിനില്ക്കുമ്പോൾ പൊലിഞ്ഞുപോകുന്നു. ആ മൂടിക്കല്ല് നമുക്കുവേണ്ടി ആരുമാറ്റും എന്നായിരുന്നു അവന്റെ കല്ലറയിലേക്ക് പോകുമ്പോൾ അവരുടെ ചിന്ത. സമാധിയായ ഒരാളുടെ കല്ലറയിലെ മൂടിക്കല്ലിനെക്കുറിച്ചുള്ള വെറും ചർച്ചയായിരുന്നില്ല അത്. കാലാകാലങ്ങളായിട്ടുള്ള പ്രശ്നമാണ് അത്. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും ഇടയിൽ ഒരു മൂടിക്കല്ലുണ്ട്.അപ്പുറമെന്താണ് സംഭവിക്കുന്നത്?
കടന്നുപോയ പേരന്റ്സ്,സഹോദരങ്ങൾ, സുഹൃത്തുക്കൾ..മരിച്ചവർക്ക് എന്താണ് സംഭവിക്കുന്നത്?അവിടെ ചെല്ലുമ്പോൾ ആ മൂടിക്കെട്ട് താനെ മാറിയിട്ടുണ്ട്. കല്ലറ ശൂന്യമായിട്ടുണ്ട്. ശൂന്യതയ്ക്ക് ഇത്രയും അർത്ഥമുണ്ടെന്നൊക്കെ നമുക്ക് ഇപ്പോഴാണ് പിടികിട്ടുന്നത്. തിരുശേഷിപ്പു പോലുമില്ല.മാലാഖമാർ പറഞ്ഞു നിങ്ങൾ ജീവിച്ചിരിക്കുന്നവനെ എന്തിനാണ് മരിച്ചവർക്കിടയിൽ അന്വേഷിക്കുന്നത് അഞ്ചാമത്തെ ഹോപ്പ് എന്നുപറയുന്നത് മരണം അടഞ്ഞവാതിലല്ല തുറന്ന വാതിലാണ്. ഹോപ്പ്. മൂന്നുസുവിശേഷങ്ങളിലും ഇത് പറയുന്നത് മാലാഖമാരാണ്.
പക്ഷേ മർക്കോസിന്റെ സുവിശേഷത്തിൽ അത് വെള്ളവസ്ത്രം ധരിച്ച ചെറുപ്പക്കാരനാണ് പറയുന്നത്. എവിടെ നിന്ന് വന്നു ഈ വെള്ളവസ്ത്രം ധരിച്ച ചെറുപ്പക്കാരൻ? അത് കണ്ടെത്തണമെങ്കിൽ മാർക്കോസിന്റെ സുവിശേഷത്തിന്റെ രണ്ടുതാൾ പുറകോട്ട് മറിക്കണം. യേശുവിനെ തോട്ടത്തിൽ നിന്ന് പിടിച്ച് പട്ടാളക്കാർ കൊണ്ടുപോകുമ്പോൾ ഒരു ചെറുപ്പക്കാരൻ അയാളെ ഫോളോ ചെയ്യുന്നുണ്ട്. പെട്ടെന്ന് പട്ടാളക്കാർ ഇയാളെ ട്രേയ്സ് ചെയ്യുന്നു. അവന്റെ ഒഴുക്കൻ അങ്കിയിൽ അവർ പിടികൂടുകയും അവൻ അത് ഊരിയെറിഞ്ഞിട്ട് ഓടിപ്പോവുകയും ചെയ്യുന്നു. അങ്ങനെ നഗ്നനായ ആ ചെറുപ്പക്കാരനാണ് ഈ കല്ലറയുടെ വാതിൽക്കൽ വെള്ളവസ്ത്രം ധരിച്ചുനില്ക്കുന്നത്.
അതിന്റെ അർത്ഥം ഈ ഉയിർപ്പ് യേശുവിന്റെ മാത്രം ഉയിർപ്പല്ല മനുഷ്യന്റെ എല്ലാവിധ അപമാനങ്ങളിൽ നിന്നുമുള്ള ഉയിർപ്പ് കൂടിയാണ്. അവനിൽ നമ്മുടെ ഉയിർപ്പുകൂടി സംഭവിക്കുന്നുണ്ട്. ഓടിപ്പോയ മനുഷ്യരെല്ലാം തിരിച്ചുവരും, കുലീനരായി ജീവിതത്തിലേക്ക് തിരികെവരും.
ബേബി ജോസ് കട്ടിക്കാട്