സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല. എന്നിട്ടും എല്ലാ സ്വപ്നങ്ങളും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല. അതിന് പിന്നിലെ പല കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവാണ്. എന്നാൽ നമ്മുടേതിനെക്കാൾ പരിതാപകരമായ ചുറ്റുപാടുകളിൽ ജനിക്കുകയും വളരുകയും ചെയ്തവരായിരുന്നിട്ടും ചിലർ നമ്മെ അതിശയിപ്പിച്ചുകളയാറുണ്ട്, ഇച്ഛാശക്തികൊണ്ടും ആത്മബലം കൊണ്ടും. അത്തരക്കാരുടെ ജീവിതവും വാക്കുകളും നമുക്ക് കൂടുതൽ ഊർജ്ജം പ്രദാനം ചെയ്യുന്നവയാണ്. അതിലേക്കുള്ള സാധ്യതകൾ തുറന്നുതരുന്ന ഒരു പുസ്തകമാണ് സെബിൻ എസ് കൊട്ടാരത്തിന്റെ ‘നേടാം സ്വപ്നങ്ങൾപരിധിയില്ലാതെ.’ പ്രചോദനാത്മക ഗ്രന്ഥകർത്താക്കളുടെ പട്ടികയിൽ തന്റേതായ ഇടം കണ്ടെത്തിയ സെബിന്റെ ഏറ്റവും പുതിയ ബെസ്റ്റ് സെല്ലറാണിത്.
ഇരുകാലുകളും മുറിച്ചുമാറ്റിയിട്ടും ജീവിതമത്സരത്തിൽ ഓട്ടക്കാരിയായി മാറിയ ശാലിനി സരസ്വതിയെയും നന്നേ ബുദ്ധിമുട്ടുനിറഞ്ഞ ജീവിതത്തിൽ നിന്ന് ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രശസ്ത ഛായാഗ്രാഹകനായി വളർന്ന രവിവർമ്മനെയും പോലെയുള്ള വ്യക്തികളുടെ ജീവിതകഥ നമുക്ക് നല്കുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും ചെറുതൊന്നുമല്ല. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ ജീവിതത്തിൽ നിന്നുള്ള സംഭവം നിരാശയുടെ പടുക്കുഴിയിൽ കഴിയുന്നവർക്കുള്ള പ്രത്യാശയുടെ ഉണർത്തുപാട്ടായി മാറുക തന്നെ ചെയ്യും. പുതുവർഷത്തിൽ ജീവിതത്തെ പുതുതായി ചിട്ടപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഈ പുസ്തകം ഏറെ ഉപകാരപ്പെടും. അതുകൊണ്ട് പുതുവർഷത്തിലെ പ്രിയ വായനകളിലേക്ക് ഈ പുസ്തകത്തെയും വായനക്കാർക്ക് ചേർത്തുവയ്ക്കാം.
നേടാം സ്വപ്നങ്ങൾ പരിധിയില്ലാതെ, സെബിൻ എസ് കൊട്ടാരം
ഡോൾഫിൻ ബുക്സ്, വില 140