ചൈനാ വന്‍മതില്‍ ചൈനയുടെ സുരക്ഷാകവചം എന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തുവിദ്യയാല്‍ ലോകത്തിലെ ഒരു മഹാത്ഭുതമായി ഇത് പ്രഥമസ്ഥാനത്തുണ്ട്. ചൈനാ വന്‍മതിലിന് 21,196കിലോമീറ്റര്‍ നീളം കണക്കാക്കപ്പെടുന്നു. ഉയരം ആറു മുതല്‍ പതിനാലു മീറ്റര്‍ വരെയുണ്ട്. ചൈനാ വന്‍മതിലിന്‍റെ നിര്‍മ്മാണം 770 – 276 ബി സിയില്‍ തുടങ്ങിയിട്ടുണ്ട്. പിന്നീട് പല തവണകളായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ക്വിന്‍ ഷി ഹുവാങ്ങ് (Qin Shi Huang) ചക്രവര്‍ത്തിയാണ് ചൈനാ വന്‍മതിലിന്‍റെ നിര്‍മ്മാണപൂര്ത്തീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണു ചരിത്രം പറയുന്നത്.
ഏതാണ്ട് 2,700 വര്‍ഷങ്ങള്‍ പഴക്കമുണ്ട് പൂര്‍ത്തീകരിക്കപ്പെട്ട ചൈനാ വന്‍മതിലിന്. പല കാലങ്ങളിലായി ഏകദേശം പത്ത് ലക്ഷം തൊഴിലാളികളുടെ വിയര്‍പ്പ് ഈ മഹാത്ഭുതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടത്രെ. ലോകത്തിലെ ഏറ്റവും നീളമേറിയ സെമിത്തേരി എന്ന് ചൈനാ വന്‍മതിലിനെ ഖേദപൂര്‍വ്വം വിശേഷിപ്പിക്കാറുണ്ട്. കാരണം, ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരുപാട് ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടത്രെ. സാധാരണക്കാരും, സൈനികരും, കുറ്റവാളികളുമായിട്ടുള്ള നിരവധിയാളുകള്‍ ഈ കൂട്ടത്തിലുണ്ട്. കുറ്റവാളികള്‍ക്ക് വന്മതില്‍ നിര്‍മ്മാണത്തില്‍ പണിയെടുക്കേണ്ടി വന്നത് പ്രത്യേക ശിക്ഷ എന്ന നിലയിലാണ്. ഏതാണ്ട് നാല് ലക്ഷം നിര്‍മ്മാണതൊഴിലാളികള്‍ ഈ ശ്രമകരമായ ദൌത്യത്തിന്നിടയില്‍ മരിച്ചുപോയിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.
ഓരോ വര്‍ഷവും ഏതാണ്ട് 50 മില്യണ്‍ സന്ദര്‍ശകര്‍ വന്‍മതില്‍ സന്ദര്‍ശിക്കാനായി എത്തുന്നുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ മതിലിന്‍റെ മൂന്നിലൊന്നു ഭാഗം അപ്രത്യക്ഷമായി കഴിഞ്ഞു. കൂടുതല്‍ വ്യക്തമാക്കിയാല്‍ ചൈനാ വന്മതില്‍ ഓരോ വര്‍ഷവും പല ഭാഗങ്ങളായി നശിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനങ്ങള്‍ മൂലവും, മനുഷ്യരുടെ ഇടപെടലുകള്‍ മൂലവും ഈ മഹാത്ഭുതം നാശത്തിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവ കൊണ്ടുണ്ടാക്കിയ ഭാഗങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതല്ലാതെയുള്ള ഭാഗങ്ങള്‍ ഇനിയുള്ള മുപ്പത് വര്‍ഷങ്ങളെപോലും അതിജീവിക്കുകയില്ല എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്.