കമ്പോളമാണ് ഇന്നത്തെ മൂല്യങ്ങളെ നിർണ്ണയിക്കുന്നത്. വിപണിയിൽ വിലയില്ലാത്തതിന് ജീവിതത്തിലും മൂല്യമില്ല. അതുകൊണ്ടുതന്നെയാണ് എല്ലാവരും വിപണിയിൽ വിജയം നേടാനുള്ള ഓട്ടപ്പന്തയത്തിലാണ്. ആസക്തികൾക്ക് പിന്നാലെ കുതിച്ചുപായുന്ന കാലത്തെ വിമർശനാത്മകമായി നോക്കിക്കാണാൻ ശ്രമിക്കുന്ന പുസ്തകമാണ് എം തോമസ് മാത്യുവിന്റെ ആസക്തികളുടെ ഉത്സവകാലം. മനുഷ്യത്വം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്തെ സംസ്‌കാരഭ്രംശങ്ങൾക്ക് നേരെയാണ് ഗ്രന്ഥകാരൻ വിരൽചൂണ്ടുന്നത്. സമൂഹത്തെയും വ്യക്തിയെയും താങ്ങിനിർത്തുന്ന മൂല്യങ്ങൾ വിപണിയുടെ കടന്നുകയറ്റത്തിൽ നിലം പൊത്തുുന്നത് വേദനയോടെ ഈ എഴുത്തുകാരൻ നോക്കിക്കാണുന്നു. മനുഷ്യൻ മനുഷ്യനാകുന്നത് മാനുഷികമൂല്യങ്ങളെ പൊലിമയോടെ ആവിഷ്‌ക്കരിക്കുമ്പോഴാണ് എന്ന് എം തോമസ് മാത്യു പറയുന്നു.ജനാധിപത്യവും മതേതരത്വവും നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളും മനുഷ്യപക്ഷത്ത് നിന്ന് വിശകലന വിധേയമാക്കുന്നു. സമകാലീനാവസ്ഥയുടെ നേരെയുള്ള പ്രതിഷേധവും അതിനെക്കുറിച്ചുള്ള വ്യഥയും ഈ കുറിപ്പുകളിൽ കാണാം. മനുഷ്യത്വത്തിന്റെ കൊടിതാഴാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്കേവർക്കുമുണ്ടെന്ന് എം തോമസ് മാത്യു ഓർമ്മിപ്പിക്കുന്നു.
ആസക്തികളുടെ ഉത്സവകാലം
എം തോമസ് മാത്യു
സിഎസ്എസ് ബുക്ക്സ്
വില :140