സ്ത്രീ അമ്മയാകുമ്പോൾ അവളിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ പരിണാമങ്ങളെക്കുറിച്ച് സമൂഹത്തിന് കൂടുതൽ ബോധ്യങ്ങളുണ്ട്. എന്നാൽ പുരുഷൻ അച്ഛനാകുമ്പോൾ അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് എത്രത്തോളം ബോധ്യങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. ഭാര്യ ഗർഭിണിയായി എന്നറിയുന്ന നിമിഷം മുതൽ ഭർത്താവെന്ന നിലയിൽ പുരുഷന്റെ ലോകം വ്യത്യസ്തമാകാനാരംഭിക്കുന്നു. കുട്ടി പിറന്നുവീഴുന്ന നിമിഷത്തോടെ ആ മാറ്റങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ എത്തുകയും ചെയ്യുന്നു.
സ്ത്രീയിലുണ്ടാകുന്നതുപോലെ ഹോർമോൺ വ്യതിയാനങ്ങൾ പോലും പുരുഷനിലും അവൻ അച്ഛനാകുന്നതുവഴിസംഭവിക്കുന്നുണ്ട്. പുരുഷ ഹോർമോണിലും തലച്ചോറിലുമെല്ലാം ഈ മാറ്റങ്ങൾ ഗുണകരമായ രീതിയിൽ പ്രകടമാകുന്നുണ്ട്. ഇതിന് പുറമെയാണ് അവനിൽ സംഭവിക്കുന്ന ശാരീരികവുംമാനസികവുമായ മാറ്റങ്ങൾ. മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പുരുഷൻ ഭർത്താവാകുമ്പോൾ അവനിൽ ഗുണകരമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നാണ്. ആ മാറ്റങ്ങൾ ചുവടെ കൊടുക്കുന്നു.
- ഉത്തരവാദിത്തബോധം
ഭർത്താവെന്ന നിലയിലും അച്ഛൻ എന്ന നിലയിലും പുരുഷൻ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവനാകുന്നു. തന്റെ കൊച്ചുരാജകുമാരന്റെ അല്ലെങ്കിൽ രാജകുമാരിയുടെ ലോകത്തിലേക്ക് അവന്റെ ജീവിതം ചുരുങ്ങുന്നു. നേരത്തെ വീട്ടിലെത്തുന്നു. ഭാര്യയെ ജോലിയിൽ സഹായിക്കുന്നു. കുഞ്ഞിനെ പരിചരിക്കുന്നു, കുഞ്ഞിനെ ഉറക്കുന്നു, അന്നമൂട്ടുന്നു, കുളിപ്പിക്കുന്നു. ഇന്നുവരെ പരിചയിക്കാത്ത വയെല്ലാം ആനന്ദത്തോടെയും സംതൃപ്തിയോടെയും അവൻ ചെയ്തു തുടങ്ങുന്നു.
ഭാര്യയോടുള്ള മനോഭാവത്തിൽ മാറ്റംവരുന്നു.
ഇന്നലെ വരെ അവളെ കണ്ടതുപോലെയല്ല കുഞ്ഞിന്റെ ജനനത്തിന് ശേഷം നിങ്ങൾ അവളെ കണ്ടുതുടങ്ങുന്നത്. ഭാര്യയോട് കൂടുതൽ സ്നേഹം, ബഹുമാനം, അവളുടെ ജോലികളിൽ സഹായിക്കുന്നത് അവൾ എന്തുമാത്രം കഷ്ടപ്പാടുകൾ കുഞ്ഞിന് വേണ്ടി സഹിച്ചിട്ടുണ്ട് എ്ന്ന തിരിച്ചറിവുകൊണ്ടുകൂടിയാണ്.
- സഹായമനസ്ഥിതി വർദ്ധിക്കുന്നു
ഇന്നലെ വരെ അടുക്കളയിൽ കയറാത്ത പുരുഷൻ അച്ഛനാകുന്നതോടെ അടുക്കളയിൽ കയറിത്തുടങ്ങുന്നു. പാചകത്തിൽ സഹായിക്കുന്നു, പാചകം പഠിക്കുന്നു. ക്ലീനിങ്, വാഷിംങ് എല്ലാറ്റിനും അവന്റെ കൈകൾ എത്തുന്നു.
- സമ്പാദ്യശീലം
കുഞ്ഞിന്റെ നല്ല ഭാവിയെക്കരുതി സമ്പാദ്യശീലങ്ങൾ ആരംഭിക്കുന്നു. കുഞ്ഞിന്റെ പേരിൽ ചെറിയ ചെറിയ നിക്ഷേപങ്ങൾ അവൻ കരുതിവയ്ക്കുന്നു. പണം കരുതലോടെ ചെലവാക്കാനും തുടങ്ങുന്നു. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നു.
പുതിയ ചങ്ങാത്തങ്ങളുണ്ടാകുന്നു
അതുവരെയുള്ള ചങ്ങാത്തങ്ങൾ നി
ലനിർത്തിക്കൊണ്ടുതന്നെ പുതിയ സൗഹൃദങ്ങൾ ആരംഭിക്കുന്നു. തന്നെപോലെ തന്നെയുള്ള കുഞ്ഞുങ്ങളുടെ അച്ഛന്മാരുമായിട്ടായിരിക്കും അതേറെയും. മക്കളെ വളർത്തുന്നതുമായി ബന്ധപ്പെട്ട പല അറിവുകളും പാഠങ്ങളും പങ്കുവച്ചുകൊണ്ട് ജീവിതകാലം മുഴുവൻ നിലനില്ക്കുന്ന നല്ല ബന്ധങ്ങളായി അത് മാറാനുള്ള സാധ്യതയുമുണ്ട്.
- സുരക്ഷിതത്വത്തിന്റെ മൂല്യം തിരിച്ചറിയുന്നു
കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള തിരിച്ചറിവിനൊപ്പം മൊത്തം കാര്യങ്ങളെക്കുറിച്ചുള്ള സുരക്ഷാബോധവും പുരുഷനിൽ വർദ്ധിക്കുന്നു.
- ഉത്തരവാദിത്തങ്ങൾ പങ്കിടുന്നു
അച്ഛനെന്ന നിലയിലും അമ്മയെന്ന നിലയിലും ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നവരായി സ്ത്രീയും പുരുഷനും മാറുന്നു.
- പുരുഷൻ ഒരുകുട്ടിയായി മാറുന്നു
കണിശക്കാരനും ഗൗരവപ്രകൃതിയുമായിരുന്നുകൊള്ളട്ടെ, പക്ഷേ കുട്ടിയുണ്ടാകുന്നതോടെ അതിനെല്ലാം മാറ്റംവരുന്നു. കുഞ്ഞിന്റെ നിഷ്‌ക്കളങ്കതയും കളികളും അവനൊപ്പം പുരുഷനെയും ഒരു കുട്ടിയാക്കിമാറ്റുന്നു. കുഞ്ഞിനൊപ്പം കളിക്കാൻ സമയം ചെലവഴിക്കുമ്പോൾ നിങ്ങൾ നഷ്ടപ്പെട്ടുപോയ കാലത്തെ തിരിച്ചുപിടിക്കുക കൂടിയാണ് ചെയ്യുന്നത്.