ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ് ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള നാനൂറോളം പൈൻമരങ്ങളുടെ വനമാണ് ഇത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ എന്ന അക്ഷരത്തെയാണ് ഈ മരങ്ങൾ ഓർമ്മിപ്പിക്കുന്നത്. പോളണ്ടിലെ പശ്ചിമ പൊമേറേനിയത്തിലെ നോവെ സാർനോവയിലാണ് ഈ കൂനൻകാട്. 1930 കളിൽ നട്ടുപിടിപ്പിക്കുകയായിരുന്നു ഈ വനം. വടക്കോട്ട് കുത്തനെ വളഞ്ഞുനില്ക്കുന്ന വിധത്തിലുള്ളതും തറ നിരപ്പിൽ നിന്ന് തൊട്ടുമുകളിലായി മൂന്നുമുതൽ ഒമ്പത് അടിവരെവളഞ്ഞുനില്ക്കുന്നതുമായ മരങ്ങളാണ് ഇവ. അമ്പതടി വരെ ഉയരത്തിലാണ് വളർന്നുനില്ക്കുന്നത്.
ലോകത്ത് മറ്റൊരിടത്തും കൂട്ടത്തോടെ മരങ്ങൾ ഇപ്രകാരം വളഞ്ഞിരിക്കുന്ന കാഴ്ച കണ്ടെത്താൻകഴിയില്ല. എന്നാൽ എന്തുകൊണ്ടാണ് ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങൾ ഇപ്രകാരമായിരിക്കുന്നത്? പല വിശദീകരണങ്ങളും നിലവിലുണ്ട്. ഗുരുത്വാകർഷണ ശക്തികൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നാണ് ഒരു അഭിപ്രായം. പക്ഷേ, വക്രത ഗുരുത്വാകർഷണത്തിന്റെ ഫലമാകില്ല എന്നതാണ് ശാസ്ത്രീയ തത്വം.
മഞ്ഞുവീഴ്ചയുടെ ഫലമായി തടി വളഞ്ഞുപോയതായിരിക്കാമെന്നാണ് മറ്റൊരു അഭിപ്രായം. പൈൻ മരങ്ങൾ മുളച്ചുപൊന്തിയപ്പോൾ അവ മഞ്ഞുവീഴ്ചയുടെ ഫലമായി വളഞ്ഞുപോയെന്നാണ് ഈ വിശദീകരണം. അപ്പോൾ സ്വഭാവികമായി മറ്റൊരു ചോദ്യം ഉയരുന്നു മഞ്ഞുവീഴ്ചയാണ് വക്രതയ്ക്ക് കാരണമായതെങ്കിൽ പ്രദേശത്തെ മറ്റ് പൈൻമരങ്ങൾക്കും സസ്യങ്ങൾക്കും ഇതെന്തുകൊണ്ട് സംഭവിച്ചില്ല? അങ്ങനെ ഈ വിശദീകരണവും തള്ളിക്കളയേണ്ടിവരുന്നു.
പ്രകൃതിദത്തമായി തന്നെ മരങ്ങൾക്ക് രൂപഭേദം സംഭവിച്ചതാവാമെന്നും മരങ്ങൾ നട്ടുപിടിപ്പിച്ചപ്പോൾ കർഷകർ കൃത്രിമത്വം കാട്ടിയതിന്റെ ഫലമാണ് ഇതെന്നുമാണ് മറ്റ് ചില അഭിപ്രായങ്ങൾ. കാരണം എന്തുതന്നെയായാലും കൂനന് വനം ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.