ചെവിയിലെ ബാഹ്യകര്‍ണ്ണവും, മധ്യകര്‍ണ്ണവും തമ്മില്‍ വേര്‍തിരിക്കുന്ന സ്തരം (ടിംപാനിക് മെമ്പറെയ്ന്‍) കേള്‍വിശക്തിയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ചെവിയില്‍ റീഫില്‍ പോലെയുള്ള വസ്തുക്കള്‍ ഇടുമ്പോള്‍ ലോലമായ ഈ സ്തരത്തിന് പരിക്കേല്‍ക്കാം. ചെവിയിലെ ഈ സ്തരം വരെയുള്ള കനാലിന്‍റെ നീളം പലരിലും വ്യത്യസ്തമായിരിക്കും. ഇതനുസരിച്ച് സ്തരത്തിനേല്‍ക്കുന്ന പരിക്കിന്റെ തോതും വ്യത്യാസപ്പെടാം. മെറ്റല്‍ പോലെയുള്ള വസ്തുക്കളുടെ കനവ്യത്യാസമനുസരിച്ച് ഇയര്‍ കനാലിനു ക്ഷതങ്ങള്‍ ഏറിയും കുരഞ്ഞുമേല്‍പ്പിച്ചാണ് അവ കടന്നു പോവുക. ചിലപ്പോള്‍ സ്തരത്തിന് ദ്വാരമുണ്ടാകാനും സാധ്യതയുണ്ട്. നീര്‍വീക്കവും പിടിപെടാം. സ്തരത്തിന് ഏല്‍ക്കുന്ന ഏതു പരിക്കും ഗുരുതരമായ കേള്‍വിപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാം.
വിപണിയില്‍ കിട്ടുന്ന ഇയര്‍ബഡ് എല്ലാം അണുവിമുക്തമാകണമെന്നില്ല. ഈര്‍ക്കിലില്‍ വൃത്തിയുള്ള പഞ്ഞി ചുറ്റി സൂക്ഷ്മതയോടെ ചെവിയുടെ പുറംഭാഗം മാത്രം വൃത്തിയാക്കുക.
ചെവിയ്ക്കകത്ത് പ്രാണി കടന്നാല്‍ ചിലപ്പോള്‍ സ്തരത്തിന് കേടുവരാം. അണുബാധയുമുണ്ടാകാം. ചെവിയില്‍ പ്രാണി കടക്കുന്ന സാഹചര്യങ്ങളില്‍ പ്രാഥമിക ശുശ്രൂഷ അത്യാവശ്യമാണ്. പ്രാണിയെ ചലനരഹിതമാക്കാനാണിത്. കൈകള്‍ വൃത്തിയാക്കിയ ശേഷം രണ്ടോ മൂന്നോ തുള്ളി വെളിച്ചെണ്ണ ചെവിയില്‍ ഒഴിക്കുക. ഉടന്‍ വൈദ്യസഹായം തേടുക.
ചെവിക്കായം (ഇയര്‍ വാക്സ്) സ്വാഭാവികമായി ഇളകിപ്പോകാതെ കട്ടിപിടിച്ചാല്‍, ഡോക്ടര്‍ ചെവി പരിശോധിച്ചിട്ട് നിര്‍ദ്ദേശിക്കുന്ന ഇയര്‍ ഡ്രോപ്പ്സ് മാത്രമേ ഒഴിക്കാവൂ. ചെവിയില്‍ ഒറ്റമൂലി പ്രയോഗങ്ങളൊന്നും നടത്തരുത്.
തൊണ്ടയിലേയും, മൂക്കിലെയും അണുബാധയും ചെവിയില്‍ അസ്വസ്തത ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. മധ്യകര്‍ണ്ണത്തിലെ അണുബാധ മാത്രമല്ല, ചെവിക്കുള്ളിലെ മറ്റു അണുബാധകളും കേള്‍വിപ്രശ്നങ്ങളുണ്ടാക്കാം. അതിനാല്‍ ചെവിയില്‍ എന്ത് അസ്വസ്ഥത അനുഭവപ്പെട്ടാലും ഇ എന്‍ ടി സ്പെഷ്യലിസ്റ്റിന്റെ നിര്‍ദ്ദേശം തേടണം.